മനോരമ എഡിറ്റര്‍.., പരിഹസിക്കാം, അതിന്റേതായ സമയത്ത്, സ്വന്തം മാതാപിതാക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ കോവിഡ് വന്നാലും ഇതുപോലെ ഫോട്ടോയിട്ട് ആഘോഷിക്കണം

മലപ്പുറം: കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധിച്ച് ജനങ്ങളുടെ സുരക്ഷയ്ക്കായി രാപകലില്ലാതെ കാവല്‍ നില്‍ക്കുന്നവരാണ് പോലീസുകാര്‍. ജോലിക്കിടെ നിരവധി പോലീസുകാര്‍ക്കാണ് ഇതിനോടകം വൈറസ് ബാധിച്ചത്. കോവിഡ് ബാധിച്ച പോലീസുകാരെ അപമാനിക്കുന്ന വിധത്തില്‍ മനോരമ ദിനപ്പത്രം കഴിഞ്ഞദിവസം ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നു.

സംഭവത്തില്‍ മനോരമക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് പട്ടാമ്പി എസ്എച്ച്ഒ സിദ്ദീഖ്. മലപ്പുറം തിരൂരങ്ങാടി സ്റ്റേഷനിലെ 42 പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ച വാര്‍ത്തയ്ക്കാണ് പോലീസ് യൂണിഫോമിട്ട വികൃതരൂപം കാര്‍ട്ടൂണാക്കി മനോരമ നല്‍കിയത്.

ഭൂരിഭാഗം പോലീസുകാരും കോവിഡ് നെഗറ്റീവായി സ്റ്റേഷനില്‍ തിരിച്ചെത്തി. അങ്ങനെയുള്ള വാര്‍ത്തയിലാണ് മോശം രൂപം നല്‍കി പോലീസുകാരെ അപമാനിച്ചിരിക്കുന്നതെന്ന് പട്ടാമ്പി എസ്എച്ച്ഒ സിദ്ദിഖ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.ഒരല്പമെങ്കിലും മനുഷ്യത്വം ഉണ്ടെങ്കില്‍ നാളത്തെ പാത്രത്തില്‍ ഒരു ഖേദ പ്രകടനം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മറക്കരുത് സാര്‍. പോലീസും മനുഷ്യരാണ്. ഞങ്ങള്‍ക്കും കുടുംബമുണ്ട്. ബഹു. മനോരമ മലപ്പുറം ചീഫ് എഡിറ്റര്‍…
രാപകല്‍ ജനങ്ങളുടെ ഇടയില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതിനെ ഒരു മൃഗം uniform ഇട്ട് നില്‍ക്കുന്ന രീതിയില്‍ വര്‍ണിച്ച താങ്കളുടെ ചാതുര്യത്തിന് അഭിനന്ദനങ്ങള്‍.അങ്ങയുടെ മാതാവിനോ പിതാവിനോ കുടുംബാങ്ങങ്ങള്‍ക്കോ മക്കള്‍ക്കോ കോവിഡ് വന്നാലും ഇത് പോലെ മൃഗങ്ങളുടെ ഫോട്ടോ ഇട്ട് ആഘോഷിക്കണം. മൃഗം ഏതാണെന്ന് താങ്കള്‍ക്ക് തീരുമാനിക്കാം.

പരിഹസിക്കാം, അതിന്റേതായ സമയത്ത്.അപ്പോള്‍ ആരും പ്രതികരിക്കില്ല. ഒരല്പമെങ്കിലും മനുഷ്യത്വം ഉണ്ടെങ്കില്‍ നാളത്തെ പാത്രത്തില്‍ ഒരു ഖേദ പ്രകടനം പ്രതീക്ഷിക്കുന്നു സാര്‍. 1961 മുതല്‍ എന്റെ വീട്ടില്‍ മനോരമ പത്രമാണ് ഇടുന്നത്. അച്ഛന്‍ പറഞ്ഞ അറിവാണ്.

Exit mobile version