പ്രത്യേക എയര്‍ ബസ് വണ്‍ വിമാനം വാങ്ങാന്‍ തീരുമാനിച്ചത് മന്‍മോഹന്‍ സര്‍ക്കാര്‍, മണ്ടത്തരം വിളമ്പരുത്; രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയേക്കാള്‍ മിടുക്കാനാണ് താനെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മണ്ടത്തരം വിളമ്പി രാഹുല്‍ മിടുക്കനാവാന്‍ നോക്കരുതേ എന്നും കുമ്മനം ഫേസ്ബുക്കിലൂടെ പറഞ്ഞു.

പരമ്പരാഗത രീതിയില്‍ നിന്നു മാറി ചിന്തിക്കുന്ന മോഡിയെ, പരിഹാസത്തിന്റെ പാരമ്പര്യ ശൈലിയില്‍ അവഹേളിക്കാനാണ് രാഹുലിന്റെ ശ്രമം.വിമര്‍ശനങ്ങള്‍ നല്ലത്. പക്ഷേ, പറയുന്നതെല്ലാം അബദ്ധമായാലോ?, സ്വന്തം പാര്‍ട്ടിക്കാര്‍ക്കോ അദ്ദേഹത്തെ ഉപദേശിക്കുന്നവര്‍ക്കോ പോലും ‘ഭാവി നേതാവിനെ’, ഏറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും കുമ്മനം പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

മണ്ടത്തരം വിളമ്പി മിടുക്കനാവാന്‍ നോക്കരുതേ…!

പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ മിടുക്കാനാണ് താനെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍. അതിനദ്ദേഹം കണ്ടെത്തിയിരിക്കുന്ന മാര്‍ഗം പരിഹാസത്തിന്റേതാണ്.

പരമ്പരാഗത രീതിയില്‍ നിന്നു മാറി ചിന്തിക്കുന്ന മോദിയെ, പരിഹാസത്തിന്റെ പാരമ്പര്യ ശൈലിയില്‍ അവഹേളിക്കാനാണ് രാഹുലിന്റെ ശ്രമം.വിമര്‍ശനങ്ങള്‍ നല്ലത്. പക്ഷേ, പറയുന്നതെല്ലാം അബദ്ധമായാലോ?

സ്വന്തം പാര്‍ട്ടിക്കാര്‍ക്കോ അദ്ദേഹത്തെ ഉപദേശിക്കുന്നവര്‍ക്കോ പോലും ‘ഭാവി നേതാവിനെ’, ഏറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

അന്തരീക്ഷ ഈര്‍പ്പം വേര്‍തിരിച്ച് ശുദ്ധജലമാക്കി മാറ്റുന്ന ഗവേഷണത്തെപ്പറ്റി ഒരു വിദേശ സ്ഥാപനത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചതിനെയാണ് ഏറ്റവുമൊടുവില്‍ രാഹുല്‍ അപഹസിച്ചത്.

വന്‍ തോതില്‍ അങ്ങനെ ചെയ്യാനായാല്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുമല്ലോ എന്നായിരുന്നു മോദിയുടെ നിര്‍ദേശം . നമ്മുടെ കേരളത്തില്‍ കൊല്ലത്തും തിരുവനന്തപുരത്തും നഗരസഭാ ആസ്ഥാനങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം ജലമാക്കി കുടിവെള്ളം നല്‍കുന്ന യന്ത്രങ്ങള്‍ വച്ച വാര്‍ത്തകള്‍ വന്നിരുന്ന കാര്യം ഓര്‍ത്ത എനിക്ക് രാഹുലിനോട് സഹതപിക്കാനേ കഴിയൂ.

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും യാത്ര ചെയ്യാന്‍ അതിസുരക്ഷയുള്ള പ്രത്യേക എയര്‍ ബസ് വണ്‍ വിമാനം വാങ്ങിയതിനെയും കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ആ പണം കൊണ്ട് ചെയ്യാമായിരുന്ന കുറേ കാര്യങ്ങളും പറയുന്നുണ്ടായിരുന്നു. എന്നാല്‍ അറിയേണ്ട കാര്യം, ഈ വിമാനം വാങ്ങാന്‍ തീരുമാനിച്ചത് കഴിഞ്ഞ മന്‍മോഹന്‍ സര്‍ക്കാരാണ്.

2012 ല്‍ നല്‍കിയ ഓര്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം എത്തിയത് ഇപ്പോള്‍ മാത്രമാണ്. അറിഞ്ഞു കൊണ്ടു വിമര്‍ശിച്ച് മോദിയെ മോശക്കാരനാക്കി ചിത്രീകരിക്കാമെന്ന ഈ കുബുദ്ധി ഏത് ഉപദേശകന്റേതായാലും ജനം തിരിച്ചറിയും.

തങ്ങളായിരുന്നു ഭരണത്തിലെങ്കില്‍ 15 മിനിറ്റുകൊണ്ട് ചൈനയെ തുരത്തുമായിരുന്നു എന്ന് കര്‍ഷക റാലിക്കിടെ ഹരിയാനയില്‍ നടത്തിയ ഉണ്ടായില്ലാ വെടി കേട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പോലും അന്തം വിട്ടെന്നാണറിവ്. 2013ലും മറ്റും ചൈന നടത്തിയ കടന്നുകയറ്റങ്ങള്‍ അന്നത്തെ ഈ ‘ഭരണാധികാരി ‘ അറിഞ്ഞിരുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു…

Exit mobile version