കിണറ്റില്‍ ആരോ വീണതുപോലെ തോന്നി; എടുത്തുചാടിയ അമീറലി വാരിയെടുത്തത് സ്വന്തം മകനെ

വളാഞ്ചേരി: കിണറ്റില്‍ ആരാണ് വീണതെന്നറിയാതെ രക്ഷിക്കാന്‍ എടുത്തുചാടിയായ അമീറലി തുണയായത് സ്വന്തം മകന്റെ ജീവന്. എടയൂര്‍ നോര്‍ത്ത് ബാങ്കുംപടിയിലെ തയ്യാട്ടില്‍ വീട്ടില്‍ അമീറലിയുടെ മകന്‍ റെനിലാ(11)ണ് ബാപ്പയുടെ കൈകളാല്‍ ജീവിതം തിരികെപ്പിടിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ഉച്ചയ്ക്കുശേഷം അമീറലിയുടെ മുറ്റത്ത് അയല്‍വീട്ടിലെ കുട്ടികളെല്ലാം കളിക്കാനെത്തിയിരുന്നു. പെട്ടെന്നാണ് ഭാര്യയുടെ ഉച്ചത്തിലുള്ള കരച്ചില്‍കേട്ടതും അമീര്‍ അകത്തുനിന്ന് ഓടിയെത്തിയതും. ഭാര്യ പറഞ്ഞതനുസരിച്ച് വീട്ടുമുറ്റത്തെ കിണറ്റിലേക്കാണ് അമീറലി ആദ്യം ഓടിച്ചെന്നുനോക്കിയത്.

എന്നാല്‍ കിണറ്റില്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ല. തുടര്‍ന്ന് വീടിന് മുന്‍പിലുള്ള തൊട്ടടുത്ത കിണറ്റിന്‍കരയിലേക്കോടി. നോക്കിയപ്പോള്‍ കിണറ്റില്‍ വെള്ളം നന്നായി ഇളകുന്നു. ആരോ കിണറ്റില്‍ വീണിട്ടുണ്ട് എന്ന തോന്നലോടെ എടുത്തുചാടി.

ഒരു കുട്ടി മുങ്ങിത്താഴുന്നു. ഊളിയിച്ച് ടീഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുയര്‍ത്തി. വെള്ളത്തിന്റെ മുകള്‍പ്പരപ്പിലെത്തി മുഖത്തേക്ക് നോക്കിയപ്പോഴാണ് സ്വന്തം കുഞ്ഞാണെന്ന് അമീറലി തിരിച്ചറിയുന്നത്. സന്തോഷവും സങ്കടവും ഇടകലര്‍ന്ന നിമിഷങ്ങളായിരുന്നു അത്.

കിണറ്റിനുചുറ്റും കൂടിയവരുടെ സഹായത്തോടെ ഉപ്പ മകന്റെ ജീവനുമായാണ് കരയ്ക്കുകയറി. റിയാന്‍ ചവിട്ടിയ സൈക്കിള്‍ നിയന്ത്രണമില്ലാതെപോയി ഭിത്തിയിലിടിച്ച് കിണറ്റിലേക്ക് വീഴുകയായിരുന്നു. നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. എന്നാല്‍ ഭാര്യയുടെ നിലവിളി ഒരു ഉള്‍വിളിപോലെ അമീറിന്റെ ചെവിയില്‍ പതിക്കുകയായിരുന്നു.

Exit mobile version