ഹഥ്‌റാസിലേക്ക് തിരിച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത യുപി പോലീസ് നടപടി ജനാധിപത്യ വിരുദ്ധം: കോം ഇൻഡ്യ

ന്യൂഡൽഹി: ഹഥ്രാസിലേക്ക് വാർത്ത റിപ്പോർട്ട് ചെയ്യാനായി തിരിച്ച മാധ്യമപ്രവർത്തകനെ അകാരണമായി അറസ്റ്റ് ‌ചെയ്ത യുപി പോലീസിന്റെ നടപടിയെ അപലപിച്ച് കോം ഇൻഡ്യ. ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഹഥ്‌റാസിലേക്ക് വാർത്ത റിപ്പോർട്ടു ചെയ്യുവാനായി പോയ അഴിമുഖം ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഡൽഹി പ്രതിനിധി സിദീഖ് കാപ്പനെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. യുപി പോലീസ് നടപടി അത്യന്തം അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കോം ഇൻഡ്യ ( കാൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ, ഇൻഡ്യ )പ്രസ്താവനയിൽ പറഞ്ഞു.

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അടിയന്തരമായി വേണ്ടത് മാധ്യമ സ്വാതന്ത്രമാണ്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി രാജ്യത്ത് നടക്കുന്നത് ഇതിനു ഘടകവിരുദ്ധമാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഴിമുഖം ഡൽഹി പ്രതിനിധിയായ സിദ്ദീഖ് കാപ്പന് യുപി പോലീസിൽ നേരിടേണ്ടി വന്നതെന്നും കോം ഇൻഡ്യ പ്രതികരിച്ചു.

ഹഥ്‌റാസിൽ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രക്കിടെയാണ് സിദീഖിനെ യുപി പോലീസ് അറസ്റ്റു ചെയ്യുന്നത്. മാധ്യമപ്രവർത്തകനാണെന്നു പറഞ്ഞിട്ടും സിദീഖിനെ അറസ്റ്റു ചെയ്യുകയും ലാപ്പ്‌ടോപ്പ് അടക്കമുള്ള പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു.
മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ചില സാഹചര്യത്തിൽ മറ്റുള്ള ആളുകൾക്കൊപ്പം യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടാകും. അതു തൊഴിൽപരമായ അവകാശമാണ്. എന്നാൽ അതിനെ ദേശദ്രോഹമെന്ന് മുദ്രകുത്തി മാധ്യമ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കം ഏതൊരു ജനാധിപത്യ സംവീധാനത്തിനും ചേർന്നതല്ല. ഹഥ്‌റാസ് സംഭവത്തിൽ തുടക്കം മുതൽ യുപി സർക്കാരും പോലീസും എടുത്തിട്ടുള്ള നടപടികൾ മാധ്യമപ്രവർത്തനത്തിനു തന്നെ തടസ്സം സൃഷ്ടിക്കുന്നതാണ്. ഈ വിഷയത്തിൽ യുപി സർക്കാർ സ്വീകരിച്ച നടപടികളോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും പ്രസ്താവനയിൽ അറിയിക്കുന്നു.

രാജ്യാന്തര തലത്തിൽ പോലും ഏറെ നടുക്കമുണ്ടാക്കിയ കേസിൽ ശരിയായ അന്വേഷണത്തിന് പകരം മാധ്യമപ്രവർത്തകരെ പോലും കള്ളക്കേസിൽ കുടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ വേരറുക്കുന്ന നടപടിയാണ് സിദ്ദിഖ് കാപ്പൻറെ അറസ്റ്റ്. രാജ്യദ്രോഹ, തീവ്രവാദ മുദ്രചാർത്തി മാധ്യമപ്രവർത്തകരെപ്പോലും കസ്റ്റഡിയിലെടുക്കുന്ന നടപടിക്കെതിരെ കടുത്ത അമർഷം രേഖപ്പെടുത്തുകയാണ്. മാധ്യമ പ്രവർത്തകനെ വിട്ടയക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കാൻ കേരള, ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരോടും ഡിജിപിമാരോടും ആവശ്യപ്പെടുമെന്ന് കോം ഇൻഡ്യ പ്രസിഡന്റ് വിൻസെന്റ് നെല്ലിക്കുന്നേലും സെക്രട്ടറി അബ്ദുൾ മുജീബും പ്രസ്താവനയിൽ അറിയിച്ചു.

നിയമവിരുദ്ധവും ജനാധിപത്യ രഹിതവുമായ അറസ്റ്റിനു ഇരയാക്കപ്പെട്ട ഓൺലൈൻ മാധ്യമ പ്രവർത്തകനെ മോചിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

Exit mobile version