മുഖ്യപ്രതി നന്ദൻ പിടിയിൽ; പിടിയിലായത് തൃശ്ശൂരിൽ നിന്നുതന്നെ

തൃശ്ശൂർ: ചൊവ്വന്നൂർ പന്നിത്തടം സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ചിറ്റിലങ്ങാട് സ്വദേശി തറയിൽവീട്ടിൽ നന്ദനെ(48)യാണ് പോലീസ് സംഘം ചൊവ്വാഴ്ച ഉച്ചയോടെ പിടികൂടിയത്. നേരത്തെ ഇയാളുടെ പോർക്കുളത്തെ ഭാര്യവീട്ടിലും മറ്റു കേന്ദ്രങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. നന്ദന്റെ പാസ്‌പോർട്ടും മറ്റ് രേഖകളും പിടിച്ചെടുക്കുകയും ചെയ്തു.

സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നന്ദൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികൾ ആർഎസ്എസ്-ബിജെപി പ്രവർത്തകരാണെന്നാണ് സിപിഎം ചൂണ്ടിക്കാണിക്കുമ്പോൾ പ്രതികളുമായി ബന്ധമില്ലെന്ന് ബിജെപിയുടെ പ്രതികരണം.

ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനിടെയുണ്ടായ ആക്രമണമാണ് സനൂപിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. ചിറ്റിലങ്ങാട് കരിമ്പനയ്ക്കൽ വീട്ടിൽ സജീഷ്, അരണംകോട്ട് വീട്ടിൽ അഭയ്ജിത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

ഞായറാഴ്ച രാത്രി എയ്യാൽ, ചിറ്റിലങ്ങാട് വെച്ചാണ് സനൂപിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ സനൂപിന്റെ മൂന്ന് സുഹൃത്തുക്കൾ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

Exit mobile version