ഇനി കടുത്ത നടപടിയിലേക്ക്; നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം, പിഴ തുക കൂട്ടുമെന്ന് മുഖ്യമന്ത്രി, സര്‍ക്കാര്‍ പരിപാടികളിലും ഇരുപതിലധികം പേര്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: കോവിഡ് ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇല്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമം ലംഘിക്കുന്നവര്‍ ശിക്ഷ നേരിടേണ്ടിവരുമെന്നും പിഴ തുക കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളിലും ഇരുപതിലധികം പേര്‍ പങ്കെടുക്കില്ല. കൂടുതല്‍ സാധനങ്ങള്‍ എടുത്തു നേക്കേണ്ട കടകളില്‍ ഗ്ലൗസ് ധരിച്ച് മാത്രം കയറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കോവിഡ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. ഇന്ന് മുതല്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളിലാണ് നിരോധനാജ്ഞ.

13 ജില്ലകളില്‍ ഒക്ടോബര്‍ 31 വരെയാണ് അതാത് ജില്ലാ കളക്ടര്‍മാര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. കാസര്‍കോഡ് ഈ മാസം ഒമ്പത് വരെയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.

Exit mobile version