ഐ ഫോണ്‍ കെണിയില്‍ കുടുങ്ങി രമേശ് ചെന്നിത്തല; സ്വപ്ന നല്‍കിയ അഞ്ച് ഫോണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്ന് ആവശ്യം

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ കുടുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വപ്ന നല്‍കിയെന്ന് പറയുന്ന അഞ്ച് ഫോണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്നാണ് ആവശ്യം.

തനിക്കെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ചീപ്പായ പ്രചാരണങ്ങളാണെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കും. ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ല. കോണ്‍സുലേറ്റ് ചടങ്ങിലെ നറുക്കെടുപ്പിലെ വിജയികള്‍ക്ക് ഐ ഫോണ്‍ അവരുടെ അഭ്യര്‍ഥന പ്രകാരം സമ്മാനം നല്‍കുക മാത്രമാണ് ചെയ്തതെന്നും ഈ പ്രചാരണങ്ങളിലൊന്നും താന്‍ തളരില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണം കടത്തിയ കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐഫോണ്‍ സമ്മാനിച്ചെന്ന് യൂണിടാക് ഉടമയാണ് വെളിപ്പെടുത്തിയത്. ഇത് വലിയ വിവാദമായിരിക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ച് സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

ലൈഫ് മിഷന്‍ ഫല്‍റ്റുകളുടെ കരാര്‍ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മീഷന്‍ ആയി നല്‍കിയെന്നാണ് യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ അവകാശപ്പെടുന്നത്. ലൈഫ് മിഷനെ സംബന്ധിച്ച് സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു ഈ വെളിപ്പെടുത്തല്‍.

Exit mobile version