മനുഷ്യര്‍ മടിച്ചു; മലമ്പാമ്പിന്റെ പിടിയില്‍ പെട്ട കുരങ്ങിനെ രക്ഷിക്കാന്‍ മറ്റ് കുരങ്ങുകളുടെ പോരാട്ടം, ദയനീയ കാഴ്ച

അതിരപ്പിള്ളി: മരത്തില്‍ ചാടിക്കളിക്കുന്നതിനിടെ മലമ്പാമ്പിന്റെ പിടിയില്‍ പെട്ട കുരങ്ങിനെ മോചിപ്പിക്കാന്‍ മറ്റ് കുരങ്ങുകളുടെ ശ്രമം. എന്നാല്‍ ഏറെ നേരത്തെ ശ്രമം പരാജയപ്പെട്ടു. കുരങ്ങനെ മലമ്പാമ്പ് വിഴുങ്ങുന്നത് തടയാന്‍ മറ്റ് കുരുങ്ങുകള്‍ക്കായില്ല.

ആനമല പാതയോരത്തു കണ്ണന്‍കുഴിക്കു സമീപമാണ് ഈ ദയനീയ കാഴ്ച. ബുധനാഴ്ച ഉച്ചയോടെയാണ് പ്ലാന്റേഷന്‍ എണ്ണപ്പന തോട്ടത്തിലെ മരത്തില്‍ ചാടിക്കളിക്കുകയായിരുന്ന ആണ്‍കുരങ്ങിനെ പാമ്പ് പിടികൂടിയത്. കൂട്ടത്തിലൊന്നിനെ പാമ്പ് പിടികൂടിയ കാഴ്ച കണ്ട് മറ്റു കുരങ്ങുകള്‍ നിലവിളിച്ചു.

കൂട്ടനിലവിളി കേട്ട് എത്തിയ പ്ലാന്റേഷന്‍ തൊഴിലാളികള്‍ കുരങ്ങനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. കമ്പുകള്‍ കൊണ്ട് തട്ടിമാറ്റാന്‍ ശ്രമിച്ചെങ്കിലും പാമ്പ് ചീറിയടുത്തതോടെ പേടിച്ച് തൊഴിലാളികള്‍ക്കും പിന്മാറേണ്ടി വന്നു. എന്നാല്‍ മറ്റ് കുരങ്ങുകള്‍ രക്ഷിക്കാനുള്ള ശ്രമം തുടര്‍ന്നു.

മലമ്പാമ്പിന്റെ പിടി വിടീക്കാന്‍ മറ്റു കുരങ്ങുകള്‍ കഠിനപരിശ്രമം നടത്തി. മരച്ചില്ലകള്‍ ഒടിച്ചെറിഞ്ഞു രക്ഷിക്കാനും ഇവര്‍ ശ്രമം നടത്തിയെങ്കിലും ഒടുവില്‍ പാമ്പ് കുരങ്ങിനെ വിഴുങ്ങി.

Exit mobile version