1878ന് ശേഷം ഇതാദ്യം; കേരളത്തില്‍ സെപ്റ്റംബറില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴ

കൊച്ചി: സംസ്ഥാനത്ത് ഇത്തവണ സെപ്റ്റംബറില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴ. 60.17 സെമീ മഴയാണ് സംസ്ഥാനത്തു സെപ്തംബറില്‍ പെയ്തത്. 1878 സെപ്റ്റംബറില്‍ പെയ്ത 58.61 സെമീ മഴയുടെ റെക്കോര്‍ഡാണ് ഈ വര്‍ഷം സെപ്റ്റംബറില്‍ മറികടന്നത്.

കേരളത്തില്‍ ജൂണ്‍ ഒന്നിന് തുടങ്ങി സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന കാലവര്‍ഷ സീസണിലും നല്ല മഴ ലഭിച്ചു. 222.79 സെമീ മഴയാണ് ഈ കാലയളവില്‍ ലഭിച്ചത്. 204.92 സെമീ ആയിരുന്നു ഈ സമയം ലഭിക്കേണ്ടിയിരുന്ന ശരാശരി മഴയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇതോടെ ഈ വര്‍ഷം ലഭിച്ചത് 9% അധികമഴ. ശരാശരിയേക്കാള്‍ കൂടുതല്‍ മഴ സംസ്ഥാനത്ത് ലഭിക്കുന്നത് ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ്. കാസര്‍കോട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 360.56 സെമീ മഴയാണ് ജില്ലയില്‍ ലഭിച്ചത്.

സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരത്തും, 115.37 സെമീ. വയനാട്, മലപ്പുറം, തൃശൂര്‍, ഇടുക്കി ജില്ലകളൊഴികെ ബാക്കി പത്തിടത്തും ശരാശരിയേക്കാള്‍ അധികം മഴ കിട്ടിയെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.

Exit mobile version