ഇത് പഞ്ചാബി ഹൗസ് 2.0; കടക്കെണി കാരണം പുഴയിൽ ചാടി ‘മരിച്ച’ ആൾ; കോട്ടയത്ത് പൊങ്ങി; രണ്ട് ദിവസം പുഴയിൽ തെരഞ്ഞ് പോലീസും ഫയർഫോഴ്‌സും

ആലുവ: പെരിയാറിൽ ചാടി കാണാതായെന്ന് കരുതിയ യുവാവിനെ കോട്ടയത്ത് നിന്ന് ‘ജീവനോടെ’ പൊക്കി പോലീസ്. ആലുവ മണപ്പുറത്ത് നിന്ന് പുഴയിൽ ചാടി ജീവനൊടുക്കിയെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് നാടുവിട്ട മുപ്പത്തടം കീലേടത്ത് വീട്ടിൽ സുധീറിനെ(38)യാണ് കോട്ടയത്തുനിന്ന് ആലുവ പോലീസ് പിടികൂടിയത്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത കാരണമാണ് ഇയാൾ ഇത്തരമൊരു നാടകം കളിച്ച് നാടുവിട്ടതെന്ന് പോലീസിനോട് പറഞ്ഞു.

വെള്ളിയാഴ്ച മണപ്പുറം ഭാഗത്തെ പെരിയാറിന്റെ കരയിൽ വസ്ത്രങ്ങളും ചെരിപ്പും മൊബൈൽ ഫോണുമടക്കം കണ്ടെത്തിയത്. ഇതോടെ ആരോ പുഴയിൽ ചാടിയെന്ന് കരുതിയ നാട്ടുകാർ പുഴയിലിറങ്ങി തെരച്ചിൽ ആരംഭിച്ചു. വൈകാതെ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തെരച്ചിലിൽ പങ്കാളികളായി. വസ്ത്രങ്ങളും ഫോണും മുപ്പത്തടം സ്വദേശി സുധീറിന്റെയാണെന്ന് തിരിച്ചറിഞ്ഞതോടെ, വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ സുധീർ പെരിയാറിൽ ചാടി ജീവനൊടുക്കി എന്നുതന്നെയായിരുന്നു എല്ലാവരുടേയും നിഗമനം. എന്നാൽ മണിക്കൂറുകളോളം പെരിയാറിൽ തിരച്ചിൽ നടത്തിയിട്ടും സുധീറിനെ കണ്ടെത്താനായില്ല.

ശനിയാഴ്ചയും നാട്ടുകാരുടെ പ്രത്യേകസംഘം തെരച്ചിലിനിറങ്ങി എങ്കിലും നിരാശരായി മടങ്ങി. ഒപ്പം അഗ്‌നിരക്ഷാസേനയും പോലീസും തെരച്ചിൽ അവസാനിപ്പിച്ചു. എന്നാൽ മണിക്കൂറുകൾ പിന്നിട്ടതോടെയാണ് യുവാവ് പുഴയിൽ ചാടിയ സംഭവത്തിൽ വൻ ട്വിസ്റ്റുണ്ടായി. കാണാതായ സുധീർ വീട്ടിലേക്ക് ഫോൺവിളിച്ച് താൻ കോട്ടയത്തുണ്ടെന്ന് പറഞ്ഞതായി ഇയാളുടെ സഹോദരനും ഭാര്യയും പോലീസിനെ അറിയിച്ചു. വിവരമറിഞ്ഞയുടൻ ആലുവ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോട്ടയത്ത് അന്വേഷിച്ച് എത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

സ്ഥിരമായി വലിയ തുകയ്ക്ക് ലോട്ടറി എടുക്കുന്നയാളായിരുന്നു സുധീർ. ഇതിലൂടെ എട്ട് ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായി. കടക്കാരിൽനിന്ന് രക്ഷപ്പെടാനായാണ് പെരിയാറിൽ ചാടി മരിച്ചെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച പുതിയ വസ്ത്രങ്ങളെല്ലാം വാങ്ങി മണപ്പുറം ഭാഗത്ത് എത്തിയ യുവാവ് നേരത്തെ ധരിച്ചിരുന്ന വസ്ത്രങ്ങൾ അവിടെ അഴിച്ചുവെയ്ക്കുകയായിരുന്നു. തുടർന്ന് പുതിയ വസ്ത്രങ്ങളണിഞ്ഞ് കോട്ടയം ഭാഗത്തേക്ക് കടക്കുകയും ചെയ്തു. എന്നാൽ രണ്ട് ദിവസമായി തനിക്ക് വേണ്ടി നാട്ടുകാർ ഒന്നടങ്കം തെരച്ചിൽ നടത്തുന്നതും കോട്ടയത്ത് താമസിക്കാൻ മാർഗ്ഗമൊന്നും കണ്ടെത്താനാകാതെ വന്നതോടെയും താൻ കോട്ടയത്തുണ്ടെന്ന് സുധീറിന് വിളിച്ചുപറയേണ്ട അവസ്ഥ വരികയായിരുന്നു.

നേരത്തെ, ഇയാളെ കാണാനില്ലെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിന് പുറമേ, പോലീസിനെയും അഗ്നിരക്ഷാസേനയെയും കബളിപ്പിച്ചതിനും സുധീറിനെതിരേ കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച ആറുമണിയോടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

Exit mobile version