പ്രവാസി മലയാളിക്ക് വീണ്ടും കൊവിഡ്; വൈറസ് ബാധയില്‍ നിന്ന് മുക്തമാകാന്‍ സാധിക്കാതെ സാവിയോ, അഞ്ച് വര്‍ഷം കാത്തിരുന്ന കിട്ടിയ ഇരട്ടക്കുഞ്ഞുങ്ങളെ കാണാനാവാത്തത് തീരാവേദന

തൃശൂര്‍: പ്രവാസി മലയാളിക്ക് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. പൊന്നൂക്കര സ്വദേശിയായ സാവിയോ ജോസഫിനാണ് രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡില്‍ നിന്നും പൂര്‍ണ്ണമായും മുക്തി നേടാന്‍ സാധിക്കാത്തതിനാല്‍ ഭാര്യയെയും തന്റെ ഇരട്ടക്കുഞ്ഞുങ്ങളെയും കാണാനാവാത്ത സങ്കടത്തിലാണ് സാവിയോ.

ഒമാനിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സാവിയോ ജോസഫ്. ഒരു തവണ കോവിഡ് രോഗം വന്നു ഭേദമായി. പിന്നെയും രോഗലക്ഷണം കണ്ടപ്പോള്‍ പരിശോധിച്ചു. വീണ്ടും പോസിറ്റീവ്. രണ്ടാം തവണയും കൊവിഡ് പോസിറ്റീവായതോടെ സാവിയോയും സങ്കടത്തിലായി. കഴിഞ്ഞ ജൂണില്‍ ഒമാനില്‍ നിന്ന് നാട്ടില്‍ എത്തിയപ്പോള്‍ പരിശോധന നടത്തിയിരുന്നു.

അന്ന് നെഗറ്റീവായിരുന്നു. അതേസമയം, ക്വാറന്റൈന്‍ കഴിഞ്ഞ് പരിശോധിച്ചപ്പോഴാണ് പോസിറ്റീവായത്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് സാവിയോക്ക് ഇരട്ടക്കുട്ടികള്‍ പിറന്നത്. കണ്‍മണികളെ ഒരു നോക്കു കാണാന്‍ പോലും ഇതുവരെ സാവിയോയ്ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ജൂണ്‍ തൊട്ടു ഇന്നേവരെ വീട്ടില്‍തന്നെ നിരീക്ഷണത്തില്‍ കഴിയുന്നു. കൂട്ടിനുള്ള അമ്മയ്ക്കു ഫലം നെഗറ്റീവായതു മാത്രമാണ് ഏക ആശ്വാസം.

Exit mobile version