കൊവിഡ് ലോക്ക്ഡൗണിന് ശേഷം തിരുവനന്തപുരം-ചെന്നൈ മെയിൽ തിങ്കളാഴ്ച മുതൽ ഓടും

തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിനു ശേഷം തിരുവനന്തപുരം-ചെന്നൈ മെയിൽ ആദ്യമായി ഓടിത്തുടങ്ങുന്നു. തിങ്കളാഴ്ച മുതലാണ് സർവീസ് ആരംഭിക്കുന്നത്. സ്‌പെഷ്യൽ ട്രെയിനായി പ്രതിദിന സർവീസ് ഞായറാഴ്ച ചെന്നൈയിൽനിന്ന് ആരംഭിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. അൺലോക്കിന്റെ ഭാഗമായി ജനശതാബ്ദിയും മുംബൈ-ഡൽഹി സ്‌പെഷൽ ട്രെയിനുകളും കേരളത്തിൽനിന്ന് ദക്ഷിണ റെയിൽവേ ജൂൺ ഒന്നിന് ആരംഭിച്ചിരുന്നു. എന്നാൽ അയൽ സംസ്ഥാനങ്ങളിലെ ബംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് സർവീസുകൾ തുടങ്ങിയിരുന്നില്ല.

ഇപ്പോൾ ദക്ഷിണ റെയിൽവേ തമിഴ്‌നാട്ടിൽ സർവീസുകൾ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും മംഗലാപുരത്തേക്കും സ്‌പെഷ്യൽ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ എല്ലാ ദിവസവും ഓടിക്കുന്നത്. തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ സമയത്ത് ഈ മാസം 27 മുതൽ സ്‌പെഷ്യൽ ചെന്നൈ മെയിൽ ഓടിത്തുടങ്ങും. രാത്രി 7.45നു ചെന്നൈയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.45ന് തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.40ന് ചെന്നൈയിലെത്തും. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള ആദ്യ സ്‌പെഷ്യൽ ട്രെയിൻ തിങ്കളാഴ്ചയാണ്. ചെന്നൈയിൽനിന്ന് പാലക്കാട്, കോഴിക്കോട് വഴി മംഗലാപുരത്തേക്കുള്ള സ്‌പെഷൽ ട്രെയിനും ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും. രാത്രി 8.10ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.10നാണ് മംഗലാപുരത്ത് എത്തിച്ചേരുക. റിസർവേഷനിലൂടെയാണ് ടിക്കറ്റുകൾ നൽകുന്നത്.

Exit mobile version