പ്രതിസന്ധിക്കാലത്ത് ആരും പട്ടിണി കിടക്കരുത്; സൗജന്യ എട്ടിന ഭക്ഷ്യക്കിറ്റ് അടുത്ത നാല് മാസത്തേക്ക് കൂടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നാല് മാസത്തേക്ക് കൂടി സൗജന്യഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുളള നാലു മാസത്തേക്കുകൂടി കേരളത്തിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് അറിയിച്ചത്.

കാവിഡ് മഹാമാരി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ സെപ്റ്റംബർ മുതൽ ഡിസംബർ വരെയുളള നാലു മാസം ഭക്ഷ്യക്കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ വാഗ്ദാനം നൽകിയിരുന്നു. ഭക്ഷ്യക്കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം കുറിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 88,42,000 കുടുംബങ്ങൾക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുക. കൊവിഡ് പ്രതിസന്ധികാലത്ത് ഒരാളും പട്ടിണികിടക്കരുതെന്ന ഉറച്ച തീരുമാനം സർക്കാർ എടത്തിട്ടുണ്ട്. അതിന്റെ തുടർച്ചയായിട്ടാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. കൊവിഡിന്റെ ആദ്യഘട്ടത്തിലും ഓണക്കാലത്തും ഇതുപോലെ സൗജന്യമായി ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിരുന്നു ലോക്ഡൗൺ കാലത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകാതിരിക്കാനും ഓണം എല്ലാവർക്കും ആഘോഷിക്കാനും ലക്ഷ്യമിട്ടാണ് അന്ന് 88 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾക്കും വിദ്യാർഥികൾക്കും ഒരു ലക്ഷത്തോളം മത്സ്യ തൊഴിലാളികൾക്കും ഒന്നരലക്ഷത്തോളം പട്ടികവർഗ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യകിറ്റ് നൽകിയത്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് എല്ലാ കുടുംബങ്ങൾക്കും നാലുമാസത്തേക്കുകൂടി ഭക്ഷ്യക്കിറ്റ് വിതരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടല പഞ്ചസാര, ആട്ട, വെളിച്ചെണ്ണ എന്നിവ ഉൾപ്പടെ എട്ടിന അവശ്യവസ്തുക്കളാണ് സപ്ലൈകോ തയ്യാറാക്കുന്ന ഈ ഭക്ഷ്യക്കിറ്റിലുണ്ടാകുക. ഇതിനൊപ്പം അരിയും മറ്റുനിത്യോപയോഗ സാധനങ്ങളും കുറഞ്ഞ വിലയിൽ സപ്ലൈകോ കൺസ്യൂമർ ഫെഡ്, ഹോർട്ടികോർപ് എന്നീ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുന്നുണ്ട്. റേഷൻ കടകളിലൂടെ പതിവ് സൗജന്യ നിരക്കിലുളള റേഷനും നൽകും.

Exit mobile version