പോലീസിനെ കണ്ട് ഓടി കിണറ്റില്‍ വീണു, ഒടുവില്‍ യുവാവിനെ കരയ്‌ക്കെത്തിക്കാന്‍ പോലീസ് തന്നെ വേണ്ടി വന്നു

എടപ്പാള്‍: പോലീസിനെ കണ്ട് ഭയന്നോടി കിണറ്റില്‍ വീണ യുവാവിന് ഒടുവില്‍ പോലീസ് തന്നെ രക്ഷകരായി. അംശക്കച്ചേരിയിലാണ് സംഭവം. വീഴ്ചയില്‍ നിസ്സാര പരുക്കേറ്റ യുവാവിനെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയ ശേഷം അവര്‍ക്കൊപ്പം പറഞ്ഞയച്ചു.

ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. രണ്ടു യുവാക്കള്‍ വഴിയരികില്‍ നില്‍ക്കുന്നത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്‌ഐ ശിവന്‍, സിപിഒ മധു എന്നിവര്‍ കണ്ടു. പോലീസ് വാഹനം കണ്ടതോടെ ഇരുവരും സമീപത്തെ കെട്ടിടത്തിന് അടുത്തേക്കു നീങ്ങിയതോടെ വാഹനം നിര്‍ത്തി ഇവരെ ചോദ്യം ചെയ്തു.

പോലീസിനെ കണ്ടതോടെ ഒരു യുവാവ് സമീപത്തെ പറമ്പിലേക്ക് ഓടിമറഞ്ഞു. ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും അസ്വാഭാവികത തോന്നാതിരുന്നതിനെ തുടര്‍ന്ന് വിട്ടയച്ചു. എന്നാല്‍ ഓടിപ്പോയ യുവാവ് എവിടെയാണെന്ന് പൊലീസിന് സംശയം തോന്നിയതിനെ തുടര്‍ന്ന് സമീപത്തായി പരിശോധന നടത്തുകയായിരുന്നു.

അപ്പോഴാണ് സമീപത്തെ കിണറ്റില്‍നിന്ന് നിലവിളി കേട്ടത്. നോക്കിയപ്പോള്‍ യുവാവ് ആഴമേറിയ കിണറ്റില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ പൊന്നാനിയിലെ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയും ഇവരുടെ നേതൃത്വത്തില്‍ യുവാവിനെ പുറത്തെടുക്കുകയും ചെയ്തു.

Exit mobile version