നേരിട്ട് ഹാജരാകണം; ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീർ മരണപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ അടുത്ത മാസം 12ന് നേരിട്ട് ഹാജരാവണമെന്ന് കോടതിയുടെ അന്ത്യശാസനം. ബൈക്കിലിരിക്കുകയായിരുന്ന കെഎം ബഷീറിനെ ശ്രീറാമിന്റെ വാഹനം ഇടിച്ച് തെറിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. എന്നാൽ, കേസിൽ മൂന്ന് പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഒന്നാം പ്രതിയായ ശ്രീറാം ഹാജരാവാത്ത സാഹചര്യത്തിലാണ് കോടതി അന്ത്യശാസനം നൽകിയത്.

നേരത്തെ, രണ്ടാം പ്രതി വഫ ഫിറോസ് കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുത്തിരുന്നു. ശ്രീറാം വെങ്കട്ടരാമൻ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ച് മാധ്യമപ്രവർത്തകനായ കെഎം ബഷീറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടും കേസ് എടുക്കാൻ ആദ്യം പോലീസ് തയാറായിരുന്നില്ല.

ലഹരിപരിശോധനക്ക് വിധേയനാകാതെ ശ്രീറാം സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.വാഹനം ഓടിച്ചത് താനല്ല സുഹൃത്ത് വഫ ഫിറോസ് ആയിരുന്നെന്ന മൊഴിയും കേസിൽ നിന്ന് രക്ഷപ്പെടാനായി ശ്രീറാം ആദ്യ ഘട്ടത്തിൽ നൽകിയിരുന്നു. എന്നാൽ വഫ തന്നെ ഇക്കാര്യം നിഷേധിച്ചു.

പിന്നീട്, അന്ന് നടന്നതൊന്നും തനിക്ക് ഓർമയില്ലെന്നും മറവിരോഗമാണെന്നും ശ്രീറാം മൊഴി നൽകിയിരുന്നു. കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടറാമിനെ സർവീസിൽ തിരിച്ചെടുത്തതും വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു.

Exit mobile version