ജോലി ലഭിച്ചിട്ട് വിവാഹമെന്ന് പറഞ്ഞതോടെ ഒരു വർഷം മുമ്പ് പ്രണയ ബന്ധം അവസാനിപ്പിച്ചു; സംഭവത്തോടെ ഒമാനിലെ ജോലിയും പോയി

തൃക്കുന്നപ്പുഴ: ഒരു വർഷം മുമ്പ് അർച്ചനയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചിരുന്നതായി യുവാവിന്റെ മൊഴി. എങ്കിലും സൗഹൃദത്തിന്റെ പേരിൽ ഫോൺ സംഭാഷണങ്ങൾ തുടർന്നിരുന്നുവെന്നും നഴ്‌സിങ് വിദ്യാർത്ഥിനിയായ അർച്ചനയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ യുവാവ്. പെൺകുട്ടിയുമായുള്ള ബന്ധത്തിൽ നിന്ന് ഒരു വർഷം മുൻപു തന്നെ പിന്മാറിയിരുന്നെന്നെന്നാണ് യുവാവ് പോലീസിനു നൽകിയിരിക്കുന്ന മൊഴി. ഈ യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറിയതാണ് വിദ്യാർത്ഥിനി ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

മുമ്പ് രണ്ടു വർഷത്തിനുള്ളിൽ വിവാഹം നടത്തണമെന്ന് അർച്ചനയോടും വീട്ടുകാരോടും ആവശ്യപ്പെട്ടെങ്കിലും പഠനം പൂർത്തിയാക്കി ജോലി ലഭിച്ച ശേഷമേ വിവാഹക്കാര്യം ആലോചിക്കൂ എന്നും ഇതിനു രണ്ടു വർഷമെങ്കിലും കഴിയണമെന്നും അർച്ചനയുടെ വീട്ടുകാർ പറഞ്ഞിരുന്നു. ഇതോടെയാണ് ഒരു വർഷം മുമ്പ് ബന്ധം അവസാനിപ്പിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ഇയാൾ നിഷേധിച്ചു. ഒമാനിൽ ജോലി ചെയ്തിരുന്ന യുവാവ് 6 മാസം മുൻപാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ കയറേണ്ടതായിരുന്നെങ്കിലും നാട്ടിലെ സംഭവങ്ങൾ കാരണം ജോലിയിൽ നിന്നു നീക്കം ചെയ്തുവെന്നു പോലീസ് പറഞ്ഞു.

അതേസമയം, വിവാഹ വാഗ്ദാനത്തിൽ നിന്നു യുവാവ് പിന്മാറിയതും മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതുമാണ് മരിക്കാൻ കാരണമെന്ന് കത്തെഴുതിവച്ച ശേഷമാണ് ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കിൽ അർച്ചന (21) ജീവനൊടുക്കിയത്. തന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 101 പവനും കാറും നൽകിയാണെന്നും അതുപോലെ തനിക്കും ലഭിച്ചാലേ വിവാഹം നടക്കൂ എന്നും അർച്ചനയോട് യുവാവ് പറഞ്ഞതായി മാതാവും സഹോദരിയും പോലീസിനു മൊഴി നൽകി. യുവാവും സുഹൃത്തും നേരത്തെ പെണ്ണുകാണലിന് എത്തിയപ്പോഴും ഇക്കാര്യങ്ങൾ പറഞ്ഞതായി പിതാവ് മൊഴി നൽകിയിട്ടുണ്ട്.

അർച്ചനയുടെ ബിഎസ്‌സി നഴ്‌സിങ് പഠനം പൂർത്തിയായ ശേഷം വിവാഹക്കാര്യം ആലോചിക്കാമെന്നാണ് അന്ന് യുവാവിനോട് പറഞ്ഞതെന്നും പിതാവ് മൊഴിയിൽ വ്യക്തമാക്കി. അന്വേഷണം ഫലപ്രദമല്ലെന്നും യുവാവിനെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായും അർച്ചനയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

Exit mobile version