ഇത് യഥാർത്ഥ പുലി മുരുകൻ

മൂന്നാർ: ഓമനിച്ചുവളർത്തിയ ഏക കറവ പശുവിനെ പുലിപിടിച്ചാൽ എന്തു ചെയ്യണം? കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല. പുലിയെ തന്നെ വകവരുത്തി പ്രതികാരം ചെയ്യാൻ തന്നെയാണ് മൂന്നാറിലെ കുമാർ എന്ന യുവാവ് തീരുമാനിച്ചത്. അങ്ങനെ ഒന്നര വർഷം കാത്തിരുന്ന് ഒടുവിൽ പ്രതികാരം പൂർത്തിയാക്കിയിരിക്കുകയാണ് ഈ ‘പുലിമുരുകൻ’.

തന്റെ പ്രിയപ്പെട്ട പശുവിനെ കൊന്നുതിന്ന പുലിയെ ഒന്നരവർഷം കാത്തിരുന്നു കെണിവെച്ച് പിടികൂടി വകവരുത്തിയ മൂന്നാർ കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിലെ എ കുമാർ (34) ഇപ്പോൾ വനംവകുപ്പിന്റെ പിടിയിലാണ്. കഴിഞ്ഞ 8 നാണ് കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ 4 വയസ്സുള്ള പുലി കെണിയിൽ കുടുങ്ങി ചത്ത നിലയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് വനപാലകർ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായതും ഒന്നരവർഷം കാത്തിരുന്ന പ്രതികാരത്തിന്റെ കഥ പുറംലോകത്തെത്തിയതും.

ഒന്നര വർഷം മുമ്പ് കുമാറിന്റെ ഏക വരുമാനമാർഗമായിരുന്ന ഓമനിച്ചു വളർത്തിയ കറവപ്പശുവിനെ പുലി ആക്രമിച്ചു കൊന്നിരുന്നു. പകൽ സമയത്ത് പറമ്പിൽ മേയാൻ വിട്ട പശുവിനെ പുലി വകവരുത്തിയത്. ഇതോടെ രോഷാകുലനായ കുമാർ ആ പുലിയെ പിടികൂടുമെന്നും പ്രതികാരം വീട്ടുമെന്നും പറഞ്ഞിരുന്നതായി അയൽവാസികൾ പറഞ്ഞു. ഒന്നര വർഷം മുമ്പ് കെണിവച്ചു കാത്തിരുന്ന ശേഷം കഴിഞ്ഞ ദിവസമാണ് പുലി കെണിയിലായത്.

മിക്ക ദിവസവും മറ്റാരും കാണാതെ കെണിയുടെ അടുത്തു പോയി പരിശോധന നടത്തുമായിരുന്നെന്ന് വനപാലകരുടെ ചോദ്യം ചെയ്യലിൽ കുമാർ വെളിപ്പെടുത്തി. ജീവനോടെ കെണിയിൽ പെട്ട പുലിയെ കുമാർ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അയൽവാസികൾ വനപാലകരോട് കുമാറിന്റെ പകയുടെ കഥ പറഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൂന്നാർ എസിഎഫ് ബി സജീഷ്‌കുമാർ, റേഞ്ച് ഓഫിസർ എസ് ഹരീന്ദ്രനാഥ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version