കാക്കാ, കള്ളനല്ല അനിയനാണ്, ദയവു ചെയ്തു പൊരുത്തപ്പെട്ടു തരണം; ഈന്തപ്പഴം മോഷ്ടിച്ചതില്‍ കുറ്റംബോധം തോന്നി മാസങ്ങള്‍ക്ക് ശേഷം കടയുടമയ്ക്ക് 5000 രൂപ നല്‍കി കള്ളന്‍, ഒപ്പം ഒരു കത്തും

പാലക്കാട്; മാസങ്ങള്‍ക്കുമുമ്പ് അലനല്ലൂരുകാരന്‍ ഉമ്മറിന്റെ കടയില്‍ നിന്ന് ഈന്തപ്പഴം, തേന്‍, ചോക്ലേറ്റ്, കുപ്പികളിലെ ജ്യൂസ് എന്നിവ ആരോ മോഷ്ടിച്ചിരുന്നു. ഫാമിലി സ്റ്റോറിന്റെ ഓടു പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്. അന്ന് ആ സംഭവത്തിന് പിന്നാലെ പോലീസില്‍ പരാതിയൊക്കെ നല്‍കിയെങ്കിലും കള്ളനെ കണ്ടെത്താനാവാതെ വന്നതോടെ ഉമ്മര്‍ അക്കാര്യം പതിയെ മറന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം കടതുറക്കാന്‍ എത്തിയ ഉമ്മറിനെ കടയുടെ മുന്നില്‍ കാത്തിരുന്നത് ഒരു ചെറിയ പൊതിയായിരുന്നു. അതിനുള്ളില്‍ 5000 രൂപയും ഒരു കത്തും. മാസങ്ങള്‍ക്ക് മുന്‍പ് മോഷ്ടിക്കാന്‍ കടയില്‍ കയറിയ സംഘത്തിലുണ്ടായിരുന്ന ഒരു അനിയന്റേതായിരുന്നു കത്ത്.

ബുദ്ധിമോശം കൊണ്ടു ചെയ്തു പോയതാണെന്നും ക്ഷമിക്കണമെന്നുമാണ് കത്തില്‍ പറഞ്ഞിരുന്നത്. അന്ന് മോഷ്ടിച്ച സാധനങ്ങളുടെ വിലയായിട്ടാണ് 5000 രൂപയും കത്തിനൊപ്പം വെച്ചത്. കത്തിലുണ്ടായിരുന്ന വാക്കുകള്‍ ഇങ്ങനെയായിരുന്നു; ”കാക്കാ, ഞാനും എന്റെ കൂട്ടുകാരനും ഒരു ദിവസം രാത്രി നിങ്ങളുടെ കടയില്‍ നിന്നു കുറച്ചു സാധനങ്ങള്‍, അപ്പോഴത്തെ ബുദ്ധിമോശം കൊണ്ടു മോഷ്ടിച്ചിരുന്നു.

നേരില്‍ കണ്ടു പൊരുത്തപ്പെടീക്കണമെന്നുണ്ട്. പക്ഷേ, പേടിയുള്ളതിനാല്‍ ഈ രീതി സ്വീകരിക്കുന്നു. ദയവു ചെയ്തു പൊരുത്തപ്പെട്ടു തരണം. പടച്ചവന്റെ അടുക്കലേക്കു വയ്ക്കരുത്. പ്രായത്തില്‍ നിങ്ങളുടെ ഒരനിയന്‍”. കത്ത് വായിച്ചതോടെ ഉമ്മറിന്റെ മനസ്സലിഞ്ഞു.

മാസങ്ങള്‍ക്ക് ശേഷം തെറ്റ് ഏറ്റുപറയാന്‍ കാണിച്ച ആ മനസിന് ഉമ്മര്‍ ‘പൊരുത്തപ്പെട്ടു’ കഴിഞ്ഞു. ഓടു പൊളിച്ചു വന്നയാള്‍ കൊണ്ടുപോയത് ഭക്ഷണസാധനങ്ങളാണ്. ഒരുപക്ഷേ, വിശപ്പു കൊണ്ടാകാം അനിയന്‍ ബുദ്ധിമോശം ചെയ്തത് എന്നാണ് ഉമ്മര്‍ പറയുന്നത്. എന്തായാലും ചെയ്തുപോയ തെറ്റ മനസ്സിലാക്കിയ കള്ളന്റെ വാര്‍ത്തയും കത്തും ഇപ്പോള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

Exit mobile version