കെടി ജലീലിന് ക്ലീൻചിറ്റ്; ആരോപണം മാറ്റിപ്പിടിച്ച് യൂത്ത് ലീഗ്; കേസ് അട്ടിമറിച്ചെന്ന് സംശയം, ഇഡി ചോദ്യം ചെയ്തതു കൊണ്ടുമാത്രമല്ല സമരം തുടങ്ങിയതെന്നും പികെ ഫിറോസ്

കോഴിക്കോട്: മന്ത്രി കെടി ജലീലിനെ ഇഡി ക്ലീൻ ചിറ്റ് നൽകിയതോടെ കേരളമൊട്ടാകെ സമരം ചെയ്ത പ്രതിപക്ഷത്തിന് ജാള്യത. മന്ത്രിയെ ഇഡി വിളിപ്പിച്ചതോടെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ മൊഴിയെടുത്തതെന്ന് ആരോപിച്ച് സമരം നടത്തിയ യൂത്ത്‌ലീഗ് നിലപാട് മാറ്റി രംഗത്തെത്തി. ഇഡി ജലീലിനെ ചോദ്യം ചെയ്തതുകൊണ്ടുമാത്രമല്ല സമരം തുടങ്ങിയത്. അത് മാത്രമല്ല സമരത്തിന്റെ അടിസ്ഥാനം. ഇഡി ചോദ്യം ചെയ്തില്ലെങ്കിലും സമരമുണ്ടാകും. അദ്ദേഹം സംശയത്തിന്റെ നിഴലിലാണെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പറഞ്ഞു.

മന്ത്രിയുടെ മൊഴി തൃപ്തികരമെന്ന എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ നിലപാടിനെതിരെ രംഗത്തെത്തിയ ഫിറോസ് കേസ് അട്ടിമറിക്കപ്പെടുന്നുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന പ്രസ്താവനയാണ് ഇഡിയിൽ നിന്നും വന്നിരിക്കുന്നതെന്നും ആരോപിച്ചു.

സ്വത്ത് വിവരവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തതെന്നാണ് ഇഡി പറഞ്ഞത്. എന്നാൽ ജലീൽ പറഞ്ഞത് ഖുറാൻ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചുവെന്നാണ്. ഇതെല്ലാം സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണ്. ബിജെപി കൂടി ഇതിൽ പ്രതിപ്പട്ടികയിൽ വന്നതുകൊണ്ട് കൃത്യമായ ഒത്തുതീർപ്പ് നടന്നോ എന്ന സംശയമാണ് ബലപ്പെടുന്നത്.

നേരത്തെ അനിൽ നമ്പ്യാരെ ചോദ്യം ചെയ്യുന്നു പിന്നീട് വിവരമൊന്നുമില്ല. പിന്നീട് ബിനീഷിനെ ചോദ്യം ചെയ്യുന്നു. തുടർന്ന് വിവരമൊന്നും പുറത്തുവരുന്നില്ല. ജലീലിനെ ചോദ്യം ചെയ്യുന്നത് പരമ രഹസ്യമാക്കുന്നു. ഇതിലെല്ലാം ചില കളികളുണ്ട്. അനിൽ നമ്പ്യാരെ ചോദ്യം ചെയ്ത ശേഷമാണ് ഇതെല്ലാം നടന്നത്. ഇത് കൃത്യമായി പുറത്തുകൊണ്ടുവരുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും റമീസും നിരന്തരമായി നെഞ്ചുവേദന വന്ന് ആശുപത്രിയിൽ കഴിയുന്നു. ഇതൊക്കെ കേസ് അട്ടിമറിക്കാനാണ്.

ജലീലിനെതിരെ ഇന്ന് യൂത്ത് കോൺഗ്രസിന്റെ സമരമുണ്ട്. നാളെ യൂത്ത് ലീഗും സമരം നടത്തും. ജലീൽ ഉൾപ്പെടെയുള്ളവർക്ക് സ്വർണ്ണക്കടത്തിൽ ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ ഉണ്ടെന്ന് ഫിറോസ് ആരോപിച്ചു. ആ വിഷയം ജനകീയ കോടതിയിൽ ചർച്ചയാക്കണം. അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹം മാറിനിൽക്കണം. സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഇഡി ജലീലിനെ ചോദ്യം ചെയ്തതുകൊണ്ടുമാത്രമല്ല സമരം തുടങ്ങിയതെന്നും പികെ ഫിറോസ് പറഞ്ഞു.

അതേസമയം, മന്ത്രി കെടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വ്യക്തമാക്കിയിരുന്നു. ഇനി ജലീലിന്റെ മൊഴി എടുക്കേണ്ട ആവശ്യമില്ലെന്നും എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. സ്വർണ്ണക്കടത്ത് കേസിലല്ല ജലീലിന്റെ മൊഴിയെടുത്തതെന്നും സ്വത്ത് വിവരം സംബന്ധിച്ച് ലഭിച്ച പരാതിയിലാണ് അന്വേഷണം നടത്തിയതെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്. സ്വർണ്ണക്കടത്തുമായി നേരിട്ടോ അല്ലാതെയോ ജലീലിന് ബന്ധമുള്ളതായി കണക്കാക്കിയിട്ടില്ലെന്നും ഇഡി അറിയിച്ചിട്ടുണ്ട്.

ഇഡി ആവശ്യപ്പെട്ടതുപ്രകാരം സ്വത്ത്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളും ജലീൽ ഹാജരാക്കിയിരുന്നു. ഈ രേഖകൾ പരിശോധിച്ചതിൽ നിന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചതായോ സ്വത്ത് കൈവശം വെച്ചതായോ കണ്ടെത്താനായിട്ടില്ലെന്നും ഇഡി അറിയിച്ചു.

ഇതോടൊപ്പം ഖുറാൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്തതോടെ സംശയം ദൂരീകരിക്കപ്പെട്ടെന്നും ഇഡി അറിയിച്ചിട്ടുണ്ട്. ഖുറാനൊപ്പം മറ്റെന്തെങ്കിലും വസ്തുക്കൾ ഉണ്ടായിരുന്നതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നുമാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന.

Exit mobile version