ക്ഷണിതാക്കളുടെ വീട്ടിലേക്ക് സദ്യ പാഴ്‌സലെത്തിച്ച് വരന്റെ കുടുംബം; വ്യത്യസ്തം ഈ ആഘോഷം

അരൂർ: കൊവിഡ് കാലത്ത് മകന്റെ വിവാഹം ലളിതമായി ആഘോഷിക്കേണ്ടി വന്നതോടെ കുടുംബത്തിന്റെ സങ്കടം വേണ്ടപ്പെട്ടവരെ ഒന്നും ക്ഷണിക്കാനായില്ലല്ലോ എന്നായിരുന്നു. മകൻ ആന്റണി ജോസ്‌ലിന്റെ വിവാഹം പള്ളിയിൽ വെച്ച് ചടങ്ങായി നടത്തിയ ശേഷം ക്ഷണിക്കാനായി ആഗ്രഹിച്ച അതിഥികൾക്ക് വിവാഹ സദ്യ വീടുകളിൽ പാഴ്‌സലായി എത്തിച്ചു നൽകിയാണ് അരൂർ തോപ്പിൽ പറമ്പിൽ ജോസഫും റോസിലിയും ആഘോഷം ഗംഭീരമാക്കിയത്.

കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ പരമാവധി ആളുകളെ ക്ഷണിക്കാനും പങ്കെടുപ്പിക്കാനും കഴിയാതെ വന്നതോടെയാണ് അതിഥികളുടെ എണ്ണം അമ്പതിൽ ഒതുക്കേണ്ടി വന്നത്. ഉറ്റ ബന്ധുക്കളെ പോലും ഒഴിവാക്കുന്നതിന്റെ സങ്കടം കൂടിയായപ്പോൾ ഈ വിഷമാവസ്ഥയും പരാതിയും മറികടക്കാൻ ജോസഫും റോസിലിയും വിവാഹത്തലേന്ന് തന്നെ ക്ഷണിതാക്കളുടെ വീട്ടിൽ പാഴ്‌സലെത്തിക്കുകയായിരുന്നു. ഇന്ന് അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വെച്ചാണ് ജോസ്‌ലിന്റെയും മുണ്ടംവേലി പട്ടാളത്ത് മാത്യുവിന്റെയും റീനയുടെയും മകൾ ഫിൽമയുടെയും വിവാഹം നടന്നത്.

മകന്റെ വിവാഹത്തെ കുറിച്ച് അയൽവാസികളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും മുൻകൂട്ടി അറിയിച്ച ജോസഫും റോസിലിയും ശനിയാഴ്ചയും വിവാഹത്തലേന്നുമായി വിവാഹ സദ്യ പാഴ്‌സലായി ഇരുന്നൂറിലധികം വീടുകളിൽ എത്തിച്ചു നൽകി. വധൂവരന്മാരുടെ കാരിക്കേച്ചർ പതിച്ച പേപ്പർ ബാഗിലാണ് ഭക്ഷണം എത്തിച്ചത്.

Exit mobile version