എല്ലാവരും അണ്ണനെ മറക്കാൻ പറയുന്നു, പക്ഷേ, എനിക്ക് പറ്റുന്നില്ല: അർച്ചനയുടെ കുറിപ്പ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിൽ കാമുകൻ സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിൽ നിന്നും പിന്മാറിയതിന്റെ പേരിൽ ജീവനൊടുക്കിയ പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ബിഎസ്‌സി അവസാനവർഷ വിദ്യാർത്ഥിനിയായ അർച്ചന (21) മരിക്കുന്നതിന് മുമ്പ് എഴുതിയ കുറിപ്പാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ‘എല്ലാവരും എന്നോട് ക്ഷമിക്കണം, എനിക്ക് അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ പറ്റിയില്ല’ എന്നു തുടങ്ങുന്ന കത്തിൽ കുടുംബാംഗങ്ങളോടും കാമുകനോടും പറയാനുള്ള കാര്യങ്ങളാണ് അർച്ചന എഴുതി ചേർത്തിരിക്കുന്നത്.

സഹോദരിയോട് നന്നായി പഠിക്കണമെന്നും ജോലി വാങ്ങി അച്ഛനെയും അമ്മയെയും നോക്കണമെന്നും അർച്ചന പറയുന്നുണ്ട്. കാമുകന്റെ പേരെടുത്ത് പറഞ്ഞാണ് കുറിപ്പിലെ ബാക്കിയുള്ള വരികൾ. ‘എല്ലാവരും അണ്ണനെ മറക്കാൻ പറയുന്നു, പക്ഷേ, എനിക്ക് പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ, അണ്ണനും നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ. അവർക്ക് കൊടുത്ത വാക്ക് പാലിക്ക്. ഞാൻ മരിച്ചാലും നിങ്ങൾക്ക് കുഴപ്പമില്ലെന്നറിയാം. അണ്ണൻ ഒന്ന് മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു’-അർച്ചന.

കണ്ടല്ലൂർ സ്വദേശിയായ യുവാവുമായി അർച്ചന വർഷങ്ങളായി പ്രണയത്തിലായിരുന്നു. അർച്ചനയെ വിവാഹം ചെയ്ത് നൽകണമെന്ന് യുവാവ് അർച്ചനയുടെ വീട്ടുകാരോടു മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും മകളുടെ പഠനം പൂർത്തിയാക്കതിന് ശേഷം വിവാഹം നടത്തി തരാമെന്നായിരുന്നു വീട്ടുകാരുടെ മറുപടി. പിന്നീട് യുവാവ് വിദേശത്ത് പോവുകയും സാമ്പത്തികമായി ഉന്നതി നേടുകയും ചെയ്തതോടെ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. യുവാവ് ആവശ്യപ്പെട്ട 101 പവൻ സ്വർണ്ണം ഉൾപ്പടെയുള്ള സ്ത്രീധനം നൽകാൻ അർച്ചനയുടെ കുടുംബത്തിന് സാധിക്കില്ലെന്ന് മനസിലായതോടെയായിരുന്നു മനംമാറ്റം.

വിവാഹം കഴിക്കണമെങ്കിൽ കൂടുതൽ സ്ത്രീധനം വേണമെന്ന് യുവാവ് പെൺകുട്ടിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. ഇത് നൽകാനാകില്ലെന്ന് പറഞ്ഞതോടെ അർച്ചനയുമായുള്ള വിവാഹത്തിൽനിന്ന് പിന്മാറിയ യുവാവ് മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞതോടെയാണ് അർച്ചന ശനിയാഴ്ച ജീവനൊടുക്കിയത്.

കണ്ടല്ലൂർ സ്വദേശിയായ യുവാവാണ് അർച്ചനയുടെ മരണത്തിന് ഉത്തരവാദിയെന്നും ഇയാൾക്കെതിരേ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. അതേസമയം, പെൺകുട്ടിയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്നാണ് തൃക്കുന്നപ്പുഴ എസ്‌ഐ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. പെൺകുട്ടിയുടെ ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. എഫ്‌ഐആറിൽ യുവാവിന്റെ പേരോ ആത്മഹത്യാ പ്രേരണാക്കുറ്റമോ ഉൾപ്പെടുത്തിയിട്ടില്ല. പെൺകുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമേ ഇതുസംബന്ധിച്ച് തീരുമാനമെടുക്കൂ എന്നും എസ്‌ഐ പറഞ്ഞു.

Exit mobile version