ഉറച്ച നിലപാടില്‍ നിന്ന് പാര്‍ട്ടിക്ക് വേണ്ടി പ്രയത്‌നിച്ചു..! കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാന്‍ നീക്കം

കോഴിക്കോട്: ബിജെപി സംസ്ഥാന നേതൃത്യത്തിനകത്ത് വീണ്ടും പൊട്ടിത്തെറിക്ക് സാധ്യത. കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി മുരളീധരപക്ഷം വീണ്ടും രംഗത്ത്. ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് ഇവരുടെ നീക്കം.

കുമ്മനം രാജശേഖരന്‍ സ്ഥാനമൊഴിഞ്ഞ ഘട്ടത്തില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെട്ട നേതാവായിരുന്നു കെ സുരേന്ദ്രന്‍. എന്നാല്‍ അന്ന് ആര്‍എസ്എസ് ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതോടെ സുരേന്ദ്രന്റെ സാധ്യതകള്‍ മങ്ങി. എന്നാല്‍ ഇപ്പോള്‍ ശബരിമല അവസരമാക്കണമെന്ന ദേശീയ അധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുരളീധരപക്ഷത്തിന്റെ നീക്കം. ആര്‍എസ്എസ് നേതാക്കള്‍ ജയിലിലെത്തി സുരേന്ദ്രന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത് ശുഭ സൂചനയായാണ് മുരളീധരപക്ഷം വിലയിരുത്തുന്നത്.

ശ്രീധരന്‍പിള്ളയുടെ വ്യക്തതയില്ലാത്ത നിലപാടുകള്‍ ശബരിമല സമരത്തെ പിന്നോട്ടടിച്ചെന്ന വിലയിരുത്തല്‍ ദേശീയ നേതൃത്വത്തിനുമുണ്ടെന്നാണ് സൂചന. ഈ വീഴ്ച്ച സുരേന്ദ്രന് അനുകൂലമാക്കുകയാണ് മുരളീധരപക്ഷത്തിന്റെ ലക്ഷ്യം.അതേ സമയം ശബരിമല വിഷയത്തില്‍ സുരേന്ദ്രന് കിട്ടുന്ന പ്രാധാന്യം ശ്രീധരന്‍പിള്ളയേയും കൃഷ്ണദാസ് പക്ഷത്തേയും അലോസരപ്പെടുത്തുന്നുണ്ട്.

Exit mobile version