സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ കാസര്‍കോട് ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കൂടാതെ ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട് , മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നാളെയും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നിവിടങ്ങളില്‍ തിങ്കളാഴ്ചയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ബുധനാഴ്ച തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Exit mobile version