പാട്ടഭൂമിയിലെ ഒറ്റമുറി വീട്ടിൽ താമസം; ലൈഫ് പദ്ധതിക്ക് എതിര് നിന്ന് വനം വകുപ്പും; ഒടുവിൽ വനഭൂമിയിൽ ജീവനൊടുക്കി കർഷകൻ

കൽപ്പറ്റ: സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം സാധ്യമാകാതെ വന്നതോടെ വയനാട്ടിലെ പാട്ടഭൂമി കർഷകൻ ജീവിതമവസാനിപ്പിച്ചു. രണ്ട് തവണ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടും വനം വകുപ്പിന്റെ എതിർപ്പിനെ തുടർന്ന് സ്വന്തമായി ഭൂമിയില്ലാത്ത വിശ്വനാഥന് വീടെന്ന സ്വപ്‌നം സാധ്യമായില്ല. ജനിച്ച നാൾ തൊട്ട് പതിറ്റാണ്ടുകളോളം മുളയും കച്ചിയും കൊണ്ട് നിർമ്മിച്ച ഒറ്റ മുറി വീട്ടിൽ കഴിയേണ്ടി വന്നതും കടബാധ്യതകളും കാരണമാണ് പുൽപ്പള്ളി പാക്കം കോട്ടവയൽ വനഗ്രാമത്തിലെ വിശ്വനാഥൻ എന്ന ‘ഭൂരഹിത കർഷകൻ’ നാലാം തീയത് വീടിന് സമീപത്തെ വനഭൂമിയിൽ തൂങ്ങി മരിച്ചത്. ഇദ്ദേഹത്തിന്റെ മരണം പുറംലോകമറിഞ്ഞത് പോലും ഏറെനാൾ കഴിഞ്ഞാണ്.

കേന്ദ്രസർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയിൽ കൃഷി ചെയ്തായിരുന്നു വിശ്വനാഥനും ഭാര്യയുമടങ്ങുന്ന കുടുംബം ജീവിച്ചിരുന്നത്. കൃഷിയിൽ നിന്നുള്ള വരുമാനവും നിലച്ചതും അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം അന്യമായതും വിശ്വനാഥനെ നിരാശനാക്കിയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ലൈഫ് ഭവന നിർമാണ പദ്ധതിയിൽ രണ്ട് തവണ വിശ്വാനാഥനെ ഉൾപ്പെടുത്തിയിരുന്നുവെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. എന്നാൽ വനംവകുപ്പിന്റെ തടസ്സവാദമാണ് ഈ 65 കാരന് വീട് ലഭിക്കാതിരിക്കാൻ കാരണമായതെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. പാട്ട ഭൂമി വനഭൂമിയായതിനാൽ വീട് നിർമ്മാണത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥർ അനുമതി നൽകിയില്ല.

കൃഷി ചെയ്യാൻ സ്ഥലമില്ലാതെ വെറും അഞ്ച് സെന്റ് ഭൂമി വീട് വെക്കാൻ മാത്രമായി കിട്ടിയാൽ ഏങ്ങനെ ജീവിക്കുമെന്നതും കർഷക തൊഴിലാളിയായ ഇദ്ദേഹത്തെ ആശങ്കപ്പെടുത്തിയിരുന്നു. വിശ്വനാഥന്റെതടക്കം അഞ്ച് കുടുംബങ്ങളാണ് കോട്ടവയൽ ഗ്രാമത്തിലുള്ളത്. ജനിച്ചതും വളർന്നതുമെല്ലാം കോട്ടവയലിലാണ്, പക്ഷെ ഒരു തുണ്ട് ഭൂമി പോലും ഇവർക്ക് ഇതുവരെ പതിച്ചുകിട്ടിയിട്ടില്ല.

താമസിക്കുന്നയിടങ്ങളിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഒഴിഞ്ഞുപോകേണ്ടിവരുമെന്നതും വിശ്വനാഥനെ അലട്ടിയിരുന്നു. വിശ്വനാഥൻ കൃഷി ചെയ്തിരുന്ന പത്ത് ഏക്കറിൽ 1.80 ഏക്കർ കരയും ബാക്കി വയലുമാണ്. കാപ്പി, കവുക്, കുരുമുളക്, ഇഞ്ചി, നെല്ല് എന്നിവയാണ് പ്രധാന കൃഷികൾ. ഇവയെല്ലാം ഏറെക്കുറെ നശിച്ച അലസഅഥയിലുമായിരുന്നു അവസാന കാലത്ത്. രണ്ട് പെൺമക്കൾക്കും സഹോദരിക്കും ആറ് ഏക്കർ ഭൂമിയും വിശ്വനാഥൻ നൽകിയിരുന്നു. എന്നെങ്കിലും ഭൂമിയിൽ അവകാശം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം കഴിഞ്ഞിരുന്നതും.

പാട്ട ഭൂമിയിൽ കൃഷിയിറക്കാമെന്നതും ഇവിടെ തന്നെ താമസിക്കാമെന്നതും മാത്രമാണ് വർഷങ്ങളായി ഇവിടെയുള്ള ഈ കുടുംബങ്ങളുടെ അവകാശം. അടുത്ത കാലത്ത് രൂക്ഷമായ വന്യമൃഗശല്യം കൃഷി തകർക്കുകയും ചെയ്തതോടെ ഈ കുടുംബങ്ങൾക്ക് വരുമാനവും ലഭിച്ചിരുന്നില്ല. വയനാടൻ ചെട്ടി സമുദായത്തിലുൾപ്പെടുന്നതിനാൽ വനവകാശ നിയമങ്ങളിൽ ഇവർ ഉൾപ്പെടില്ലെന്നറിഞ്ഞിട്ടും കുടുംബങ്ങൾ ഇവിടെ തന്നെ തുടരുകയായിരുന്നു. ഇതിനിടെയാണ് ലൈഫ് പദ്ധതിയിൽ നിന്ന് കൂടി പുറത്തായത്. ഇതോടെ ഇദ്ദേഹം കടുത്ത നിരാശയിലായിരുന്നു. വിവാഹിതരായ രണ്ട് പെൺമക്കളും കോട്ടവയലിൽ തന്നെയാണ് താമസം. വിശ്വനാഥന്റെ മരണത്തോടെ ഭാര്യ മീനാക്ഷി തനിച്ചായി. ഇവരുടെ ഏക മകൻ മുമ്പേ മരിച്ചിരുന്നു.

പിന്നോക്കാവസ്ഥയിലുള്ള ഈ ഗ്രാമത്തിലേക്ക് വാഹനസൗക്യവും ലഭ്യമല്ല. അതുകൊണ്ടുതന്നെ വിശ്വനാഥന്റെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കാട്ടുപാതകളിലൂടെ ഒന്നരക്കിലോമീറ്ററിലധികം കാൽനടയായി ചുമന്നാണ് നാട്ടുകാർ പോസ്റ്റുമോർട്ടത്തിനെത്തിച്ചത്.

Exit mobile version