പെയിന്റര്‍ ആണെങ്കിലും സലീമിന് എഴുത്ത് നല്ല വശമില്ല, പക്ഷേ സത്യസന്ധതയില്‍ നൂറ് മാര്‍ക്കാണ്

ആലുവ: ഒരു നല്ല പെയിന്റര്‍ ആണെങ്കിലും സലീമിന് എഴുത്ത് നല്ല വശമില്ല. പക്ഷേ അദ്ദേഹത്തിന് സത്യസന്ധതയില്‍ നൂറ് മാര്‍ക്കാണ്. അതിനുള്ള തെളിവാണ് അദ്ദേഹത്തിന്റെ കടയുടെ മുന്നില്‍ വെച്ച ബോര്‍ഡ്. ‘ക്യാഷ് കളഞ്ഞുകിട്ടിയിട്ടുണ്ട് 98466 15928’ എന്നാണ് ബോര്‍ഡിലുള്ളത്.

ബോര്‍ഡില്‍ എഴുതിയത് കാണാന്‍ വല്യ ഭംഗിയൊന്നുമില്ലെങ്കിലും ബോര്‍ഡ് കണ്ടാല്‍ വഴിയത്രക്കാരെല്ലാം ഒന്നു നോക്കാതിരിക്കില്ല. ആലുവ പെരുമ്പാവൂര്‍ ദേശസാത്കൃത റോഡില്‍ തോട്ടുമുഖം കവലയില്‍ എടയപ്പുറത്തേക്ക് തിരിയുന്ന ഭാഗത്ത് ഫ്രണ്ട്സ് ഓട്ടോമൊബൈല്‍സിന് മുമ്പിലാണ് സ്ഥാപന ഉടമ എടയപ്പുറം ആയത്ത് സലീം ഇത്തരത്തില്‍ ഒരു ബോര്‍ഡ് വെച്ചിരിക്കുന്നത്.

ഓണാവധി കഴിഞ്ഞ് വര്‍ക്ക് ഷോപ്പ് തുറന്ന ദിവസമാണ് എടയപ്പുറം തുരുത്തി റോഡില്‍ താമസിക്കുന്ന വഴിയാത്രക്കാരിക്ക് കുറച്ച് നോട്ടുകള്‍ റോഡില്‍ കിടന്ന് കിട്ടിയത്. പണത്തിന്റെ ഉടമ തിരക്കി എത്തിയാല്‍ പണം ഏല്‍പ്പിക്കാന്‍ പറഞ്ഞ് സലീമിനെ പണം എല്‍പ്പിച്ച് വഴിയാത്രക്കാരി മടങ്ങി.

പരിചയക്കാരോടും പരിസരത്തെ കച്ചവടക്കാരോടും നാട്ടുകാരോടുമെല്ലാം സലീം ഇക്കാര്യം പറഞ്ഞെങ്കിലും ഉടമയെ കണ്ടുപിടിക്കാനായില്ല. തുടര്‍ന്നാണ് 18ാമത്തെ അടവായി ബോര്‍ഡ് സ്ഥാപിച്ചത്. നാല് ദിവസമായി ബോര്‍ഡ് വച്ചിട്ട്.
ബോര്‍ഡ് കണ്ട് ആരെത്തിയാലും യഥാര്‍ത്ഥ ഉടമാണെന്ന് ഉറപ്പിക്കാന്‍ നഷ്ടപ്പെട്ട തുക എത്രയാണെന്ന് കൃത്യമായി പറയേണ്ടിയതായി വരും

മൂന്ന് വര്‍ഷം മുമ്പ് സലീമിന് 5,000 രൂപയടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടിയപ്പോള്‍ അതിലുണ്ടായിരുന്ന ഫോട്ടോയില്‍ നിന്നും ആളെ തിരിച്ചറിഞ്ഞ് തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്.32 വര്‍ഷത്തോളമായി പെയിന്ററാണ് സലീം. കുറച്ചുനാള്‍ സൗദിയില്‍ ഡ്രൈവറായി.13 വര്‍ഷമായി വര്‍ക്ക് ഷോപ്പ് ആരംഭിച്ചിട്ട്.

Exit mobile version