വിവാഹമോചനക്കേസ് നടക്കെ ആരുമറിയാതെ ഒരു മാസം മുമ്പ് മൂന്നാം വിവാഹം; ചുരുളഴിയാതെ സലിമിന്റെ മരണം

മാറനല്ലൂർ: തിരുവനന്തപുരത്ത് എട്ടു വയസ്സുള്ള മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ കണ്ടല നിവാസികൾ. കണ്ടല കവലയ്ക്കു സമീപമുള്ള കോട്ടയിൽ വീട്ടിൽ മുഹമ്മദ് ഖനീഫയുടെ എട്ടു മക്കളിൽ അഞ്ചാമത്തെ മകനായ സലിം നാട്ടുകാർക്കെന്നും വലിയ സൗഹൃദബന്ധമില്ലാത്ത നിശ്ശബ്ദനായ ഒരാളായിരുന്നു. സ്ഥിരമായി ജോലിയില്ലാതിരുന്ന സലിം മീൻ കൊണ്ടുപോകുന്ന വാഹനം ഓടിച്ചിരുന്ന സമയത്ത് അടൂർ സ്വദേശിനിയും വ്യവസായ വകുപ്പിൽ ജീവനക്കാരിയുമായ അമ്പിളി ദാമോദരൻ എന്ന യുവതിയുമായി അടുപ്പത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.

ഈ ദമ്പതിമാർക്ക് ജനിച്ച മകൻ ആഷ്‌ലിന് അഞ്ചു വയസ്സുള്ളപ്പോഴാണ് കാൻസർ ബാധയെ തുടർന്ന് അമ്പിളി മരണപ്പെടുന്നത്. ഇതേ തുടർന്നുണ്ടായ ആശ്രിതനിയമനത്തിൽ സലിമിന് വ്യവസായ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റായി നിയമനവും ലഭിച്ചു. ജോലിക്ക് പോയിരുന്ന അവസരത്തിൽ സലിമിന്റെ സഹോദരങ്ങളാണ് കുഞ്ഞിനെ നോക്കിയിരുന്നത്. എല്ലാ ദിവസങ്ങളിലും അടൂരിലുള്ള അമ്പിളിയുടെ അച്ഛനും അമ്മയും സലിമിനെയും മകനെയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. പല തവണ ചെറുമകനെ വിട്ടുതരണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. എന്നാൽ, കുഞ്ഞിനെ വിട്ടുകൊടുക്കാൻ സലിം തയ്യാറായില്ല.

ഇതിനിടെ, ഒന്നര വർഷങ്ങൾക്കു മുമ്പ് സലിം തന്റെ ഓഫീസിലെ തന്നെ പത്തനംതിട്ട സ്വദേശിനിയായ ഷംലയെന്ന യുവതിയെ വിവാഹം കഴിച്ചു. എന്നാൽ, പത്തനംതിട്ട ജില്ലയിലേക്ക് സ്ഥലം മാറിപ്പോയ ഷംല തിരിച്ചുവരാൻ തയ്യാറായില്ല. കുറച്ചുമാസങ്ങൾക്കു മുമ്പ് ഷംലയുടെ വീട്ടുകാർ വിവാഹമോചനം ആവശ്യപ്പെട്ട് കേസ് കൊടുക്കുകയും ചെയ്തു. ഈ വിവാഹമോചന കേസ് നിലനിൽക്കെ ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിന് നിലമ്പൂരിൽനിന്ന് ഫാസില എന്ന യുവതിയെ സലിം വിവാഹം ചെയ്തു. ഈ വിവാഹം അധികമാരും അറിഞ്ഞിരുന്നില്ല. സംഭവദിവസം ബന്ധുക്കൾ പറഞ്ഞപ്പോഴാണ് വിവാഹക്കാര്യം നാട്ടുകാർ അറിയുന്നത്.

കണ്ടല മന്നം മെമ്മോറിയൽ സ്‌കൂളിൽ വിദ്യാർഥിയായിരുന്ന ആഷ്‌ലിൻ ഈ വർഷം മുതൽ കണ്ടല സർക്കാർ സ്‌കൂളിൽ രണ്ടാം ക്ലാസിൽ പ്രവേശിപ്പിച്ചിരുന്നു. സഹോദരങ്ങളുമായും നാട്ടുകാരുമായും ഏറെ അടുപ്പമില്ലാത്ത പ്രകൃതക്കാരനായിരുന്ന സലിമിന് കണ്ടലയിൽ വളരെ കുറച്ച് സുഹൃത്തുക്കളാണ് ഉള്ളത്.

Exit mobile version