മകൾക്ക് ലക്ഷങ്ങൾ വിവാഹസമ്മാനം നൽകിയില്ല; അഞ്ച് യുവതികളുടെ വിവാഹം അതേവേദിയിൽ നടത്തി പ്രവാസിയായ സാലിം! ഒരേ വസ്ത്രവും ആഭരണവും അണിഞ്ഞ് ജാതിമതഭേദമില്ലാതെ വിവാഹപ്പന്തൽ

എടച്ചേരി: മകളുടെ വിവാഹനാളിൽ ആർഭാടം ഒഴിവാക്കി അഞ്ച് യുവതികൾക്കുകൂടി മംഗല്യ ഭാഗ്യത്തിന് കാരണക്കാരനായി പ്രവാസി മലയാളി സാലിം. ജാതിമത ഭേദമില്ലാതെയാണ് മകളുടെയും നിർധനരായ അഞ്ച് യുവതികളുടെയും വിവാഹം ഒരേ പന്തലിൽ വെച്ച് സാലിം നടത്തിയത്.

തലായി എടച്ചേരി കാട്ടിൽ സാലിമിന്റെയും റുബീനയുടെയും മകൾ റമീസയുടെ വിവാഹവേദിയാണ് സമൂഹവിവാഹത്തിന്റെ കൂടി പന്തലായി മാറിയത്. വയനാട്, എടച്ചേരി, ഗൂഡല്ലൂർ, മലപ്പുറം, മേപ്പയ്യൂർ എന്നിവിടങ്ങളിലെ അഞ്ച് യുവതികൾക്കാണ് റമീസയുടെ വിവാഹപ്പനത്‌ലിൽ തന്നെ പുതിയ ജീവിതത്തിലേക്ക് കടക്കാനായത്.

ഇതിൽ രണ്ട് യുവതികളുടേത് ഹൈന്ദവ വിധിപ്രകാരം താലികെട്ടും മൂന്ന് യുവതികളുടേത് ഇസ്ലാമിക വിധിപ്രകാരം നിക്കാഹുമായിരുന്നു. എല്ലാവിവാഹങ്ങൾക്കും മുനവ്വറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.

മകൾ ഉൾപ്പെടെ ആറു യുവതികൾക്കും സാലിം ഒരേ പോലെ 10 പവൻ വീതം സ്വർണാഭരണം നൽകുകയും ഒരേതരം വസ്ത്രവും അലങ്കാരങ്ങളും ഒരുക്കുകയും ചെയ്തു. ചടങ്ങിന് മാറ്റ് കൂട്ടാൻ നാദസ്വരവും ഒപ്പനയുമുണ്ടായിരുന്നു.

Also Read-വീണ്ടും മൊട! തന്റെ പേരില്ലാത്തതിന് അന്ന് ശിലാഫലകം തല്ലി തകർത്ത വെള്ളനാട് ശശി ഇന്ന് പേര് വെച്ചതിന് ഫ്‌ലക്‌സും തകർത്തു!

മുമ്പ് തന്നെ സ്ത്രീധനം ചോദിക്കുന്നവർക്ക് മകളെ വിവാഹം ചെയ്തുനൽകില്ല എന്നത് സാലിമിന്റെ തീരുമാനമായിരുന്നു. ആ സ്ത്രീധനത്തുക കൂടി ചേർത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവതികൾക്കും മംഗല്യഭാഗ്യമൊരുക്കിയാണ് സാലിം നന്മയുടെ പുതിയ വഴി തെളിച്ചത്.

അർഹരായ യുവതികളെ കണ്ടെത്താനായി നേരിട്ട് ഓരോ സ്ഥലം സഞ്ചരിച്ചത് വ്യത്യസ്ത അനുഭവമായിരുന്നെന്നും കല്യാണധൂർത്തും ചെലവുകളും കുറച്ച് ആ പണം ഇത്തരത്തിൽ ചെലവഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സാലിം പറഞ്ഞു.

Also Read-കുടുംബവുമായി ഇടപെടുന്നത് വിലക്കിയിട്ടും കേട്ടില്ല; വീട്ടുകാർ അനീഷുമായി അടുത്തതിൽ വൈരാഗ്യം; കൊലപ്പെടുത്താനായി നെഞ്ചിലും മുതുകിലും കുത്തി

വിവാഹത്തിൽ കെകെ രമ എംഎൽഎ, പാറക്കൽ അബ്ദുള്ള, ഡോ. പിയൂഷ് നമ്പൂതിരി, എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി, പുറമേരി പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി വനജ, മഹല്ല് ഖാദി പിടി അബ്ദുൾ റഹിമാൻ മൗലവി, കുഞ്ഞുബ എം കുഞ്ഞബ്ദുള്ള മൗലവി, എൻപി ഷംസുദ്ദീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Exit mobile version