സർക്കാരിന്റെ ഓണക്കിറ്റിലെ പപ്പടത്തിൽ മായം കലർന്നിട്ടില്ല: പരിശോധന റിപ്പോർട്ട്

തിരുവനന്തപുരം: സർക്കാർ ഈ ഓണത്തിന് വിതരണം ചെയ്ത ഓണക്കിറ്റിലെ പപ്പടത്തിൽ മായം കലർന്നിട്ടുണ്ടെന്ന ആരോപണം തള്ളി സപ്ലൈകോ. പപ്പടത്തിന്റെ സാമ്പിൾ പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നിരോധിച്ചിട്ടുളള വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സപ്ലൈകോ അറിയിച്ചു. വിവിധ ഡിപ്പോകളിൽ നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി അഷ്വറൻസ് ഓഫീസർമാർ ലാബിൽ പരിശോധനക്കയച്ച 14 സാമ്പിളിൽ മൂന്നെണ്ണത്തിന്റെ ഫലമാണ് വന്നത്.

ഇന്ത്യൻ സ്റ്റാൻഡേർഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുള്ളത്. ലാബ് പരിശോധനാ ഫലത്തിൽ ഈർപ്പം, ജലാംശത്തിന്റെ പിഎച്ച്, ക്ഷാരാംശം എന്നിവ നിശ്ചിത മാനദണ്ഡത്തിനേക്കാൾ അൽപ്പം കൂടുതലുളളതായി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഇന്ത്യൻ സ്റ്റാൻഡേർഡ് നിർദേശിച്ചിട്ടുള്ള മാനദണ്ഡപ്രകാരം പപ്പടം നിർമ്മിക്കുന്ന അസംസ്‌കൃത വസ്തുക്കളിൽ ഒന്നായ പപ്പടക്കാരത്തിന്റെ അളവ്, പ്രസ്തുത ബാച്ചിലെ പപ്പടത്തിൽ നേരിയ അളവിൽ കൂടിയതിനാലാണ് പിഎച്ച്, ക്ഷാരാംശം എന്നിവയിൽ വ്യത്യാസം വന്നിരിക്കുന്നതെന്നും ഭക്ഷ്യസുരക്ഷ നിയമത്തിന് വിരുദ്ധമായ ഒന്നും തന്നെ പപ്പടത്തിലില്ലെന്നും സ്‌പ്ലൈകോ വിശദീകരിക്കുന്നു.

Exit mobile version