സ്ത്രീത്വത്തെ അപമാനിച്ച ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ന്യായീകരിച്ച് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

കുളത്തുപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒയുടെ പ്രവര്‍ത്തകനാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പീഢനത്തെ ന്യായീകരിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന.’ഡിവൈഎഫ്ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ’ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. സംഭവത്തില്‍ ചെന്നിത്തലയ്ക്ക് എതിരെ പ്രതിഷേധം ആളിക്കത്തുകയാണ്.

കുളത്തുപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ പ്രദീപ് ആണ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതിയെ ക്രൂരമായി പീഢിപ്പിച്ചത്. കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയായിരുന്നു പ്രദീപ് യുവതിയെ പീഡിപ്പിച്ചത്.

ഭരതന്നൂരിലെ വാടകവീട്ടില്‍ എത്തിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. കൂടാതെ കൈയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന യുവതിക്ക് തന്റെ പരിചയത്തിലുളള ഡോക്ടറെ കാണാന്‍ സഹായം ചെയ്യാമെന്നും ഇയാള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് യുവതി ഇയാളുടെ ഭരതന്നൂരിലെ വാടകവീട്ടിലെത്തുന്നത്.

തുടര്‍ന്നാണ് ക്രൂര പീഢനം നടത്തിയത്. യുവതിയുടെ കയ്യും കാലും കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ച മുതല്‍ പിറ്റേന്ന് രാവിലെ വരെ പീഡിപ്പിച്ചു. പാങ്ങോട് മധുര സ്വദേശിയായ പ്രദീപ് വീട്ടുകാരുമായി അകന്ന് വാടകവീട്ടില്‍ ഒറ്റക്ക് കഴിയുകയായിരുന്നു.

Exit mobile version