നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീൻ എംഎൽഎയുടെ വീട്ടിൽ പോലീസ് റെയ്ഡ്

കാസർകോട്: കാസർകോട് ഒരുപാട് നിക്ഷേപകരെ ഇരയാക്കി ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ എംസി കമറുദീൻ എംഎൽഎയുടെ വീട്ടിൽ പോലീസ് പരിശോധന. ചന്തേര പോലീസ് സ്റ്റേഷനിൽ 81 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഴ് കേസുകൾ നിലവിലുണ്ട്.

നിലവിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തികൊണ്ടിരിക്കുന്ന കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് നൽകുന്നതിന് മുന്നോടിയായി വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തിയത്. എംഎൽഎയുടെ പടന്നയിലെ വീട്ടിൽ ചന്തേര സിഐയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ഫാഷൻ ഗോൾഡ് ഇന്റർനാഷണലിന്റെ മാനേജർ പൂക്കോയ തങ്ങളുടെ തൃക്കരിപ്പൂരിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. കമറുദ്ദീനെ മുഖ്യപ്രതിയാക്കി ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാക്കുറ്റത്തിനുള്ള കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എംസി കമറുദ്ദീൻ ചെയർമാനും മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം ടികെ പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായ ചെറുവത്തൂർ ആസ്ഥാനമായ ഫാഷൻ ഗോൾഡ് ജൂവലറി എന്ന സ്ഥാപനത്തിലേക്ക് നിക്ഷേപമായി സ്വീകരിച്ച തുക തിരിച്ചുനൽകിയില്ലെന്നാണ് പരാതി. 800ഓളം നിക്ഷേപകരിൽ നിന്നും 136 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇരുവർക്കുമെതിരായ ആക്ഷേപം.

ഒരാഴ്ചയ്ക്കിടെ ചന്തേര എംഎൽഎയ്ക്ക് എതിരായി പോലീസിൽ മാത്രമായി 12 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കാസർകോട് ടൗൺ സ്റ്റേഷനിലും അഞ്ച് പരാതിയുണ്ട്. കണ്ണൂർ ജില്ലയിൽനിന്നും പരാതി വന്നുതുടങ്ങി. ഈ സാഹചര്യത്തിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ഉത്തരവായത്.

Exit mobile version