തിരുവനന്തപുരം പഞ്ചായത്തംഗം കൊവിഡ് ബാധിച്ച് മരിച്ചു; വൈറസ് ബാധയേറ്റ് ഭാര്യയും മക്കളും ചികിത്സയില്‍

തിരുവനന്തപുരം: തിരുവനന്തപുരം പഞ്ചായത്തംഗം കൊവിഡ് ബാധിച്ച് മരിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റികളുടെ അധ്യക്ഷന്‍ സി വില്‍ഫ്രഡ് ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 56 വയസായിരുന്നു. 2 വര്‍ഷത്തിലേറെയായി വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു ഇദ്ദേഹം. സംസ്‌ക്കാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു വീട്ടുവളപ്പില്‍ നടത്തും.

സഹപ്രവര്‍ത്തകര്‍ വിലക്കിയിട്ടും വൃക്കരോഗം വകവയ്ക്കാതെ പഞ്ചായത്തിന്റെ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രം കെഎന്‍എം കോളജില്‍ ക്രമീകരിക്കുന്നതില്‍ സജീവ സാന്നിധ്യമായിരുന്നു വില്‍ഫ്രഡ്. ശേഷം കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നു 10 ദിവസം മുന്‍പാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്കു ശേഷം മൂന്നരയോടെ മരണപ്പെടുകയായിരുന്നു. വില്‍ഫ്രഡിന്റെ ഭാര്യയും മക്കളും ഇപ്പോഴും കൊവിഡ് ചികിത്സയില്‍ തുടരുകയാണ്.

പഞ്ചായത്തില്‍ നെല്ലിക്കാക്കുഴി വാര്‍ഡിന്റെ പ്രതിനിധിയാണ്. മൂന്നുമുക്ക് വാര്‍ഡില്‍ ഒരു തവണയും നെല്ലിക്കാക്കുഴിയില്‍ നിന്നും 2 തവണയും വിജയിച്ചു. മരിയലില്ലിയാണ് ഭാര്യ. അജിന, ആദര്‍ശ്, അനു എന്നിവര്‍ മക്കള്‍.

Exit mobile version