അനിൽ അക്കര നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു; സ്വന്തം കഴിവുകേടുകൾക്ക് മറച്ചുവെയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്: മന്ത്രി എസി മൊയ്തീൻ

AC Moideen | Kerala News

തൃശ്ശൂർ: അനിൽ അക്കര എംഎൽഎ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി എസി മൊയ്തീൻ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നുണപ്രചരണമാണ് നടത്തുന്നത്. ഒരു ഉളപ്പുമില്ലാത്തവർക്ക് എന്തും പറയാം. മണ്ഡലത്തിൽ ഒന്നും ചെയ്യാത്ത ജനപ്രതിനിധി അത് മറച്ചുവെക്കാൻ ഇത്തരം ആക്ഷേപം ഉന്നയിക്കുന്നു. സ്വന്തം കഴിവുകേടുകൾക്ക് മറയിടാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതി ഒരു ജനകീയ പദ്ധതിയാണ്. സന്നദ്ധ സംഘടനകൾ മുതൽ കേന്ദ്ര സർക്കാർ ഫണ്ടുകൾ വരെ ഇതിന്റെ ഭാഗമാണ്. യുഡിഎഫിന്റെ കാലത്ത് ഇങ്ങനെ ഒരു ഭവന പദ്ധതിയെ ഇല്ലായിരുന്നു. മൂന്ന് ഘട്ടമായിട്ടാണ് ലൈഫ് മിഷൻ പദ്ധതി നടപ്പാക്കുന്നത്. വീട് പണി പൂർത്തീകരിക്കാത്തവർക്ക് അത് പൂർത്തികരിക്കുന്നതാണ് ഒന്നാം ഘട്ടം. 96.5 ശതമാനവും ഇത് പൂർത്തീകരിച്ചു. രണ്ടാം ഘട്ട ഭൂമി ഉള്ളവർക്ക് വീടുകൾ വച്ച് നൽകുന്ന പദ്ധതിയാണ്. മൂന്നാം ഘട്ടത്തിൽ ഭൂമിയില്ലാത്ത ഭവനരഹിതരുടെ കാര്യമാണ്. സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സംഭാവനയായി ലഭിക്കുന്ന ഭൂമി ഇങ്ങനെയുള്ളയിടങ്ങളിൽ ഭവന സമുച്ചയങ്ങൾ ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്.

ആദ്യപടിയായി ഇടുക്കിയിലെ അടിമാലിയിൽ 217 കുടുംബങ്ങൾക്ക് ഫഌറ്റുകൾ നൽകി. 41 സ്ഥലങ്ങളിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. തറക്കല്ലിടൽ ചടങ്ങ് ഈ ആഴ്ച മുഖ്യമന്ത്രി നിർവഹിക്കും. പെരിന്തൽമണ്ണയിൽ അത് നേരത്തെ തുടങ്ങി. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി നേരിട്ടാണ് അത് ചെയ്യുന്നത്. അത്തരത്തിൽ ടെൻഡർ നടത്തിയ ഒരു സ്ഥലമാണ് വടക്കാഞ്ചേരിയെന്നും. അതിന്റെ സ്ഥലമേറ്റെടുപ്പടക്കം എല്ലാ കാര്യങ്ങളും സുതാര്യമാണെന്നും മന്ത്രി വ്യക്താക്കി. റെഡ്ക്രസന്റ് ഏൽപ്പിച്ച യൂണിടാക് എന്ന കരാറുകാരെ അറിയില്ലെന്നും മന്ത്രി അറിയിച്ചു.

Exit mobile version