ഹോമിയോ മരുന്ന് കഴിച്ചവർക്ക് കൊവിഡ് പ്രതിരോധം; ഉയർന്നസ്ഥാനത്തുള്ളവർ ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രസ്താവന നടത്തരുത്; ആരോഗ്യമന്ത്രിക്ക് എതിരെ ഐഎംഎ

തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവർക്ക് കൊവിഡ് രോഗ ബാധ കുറവെന്ന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ).

ആരോഗ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും ശാസ്ത്രീയമായ അടിത്തറയില്ലാതെ നടത്തുന്ന പ്രസ്താവന അംഗീകരിക്കില്ലെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വർഗീസ് പറഞ്ഞു. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്തരം തെറ്റായ പ്രസ്താവന നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കൊവിഡ് ബാധ കുറവാണെന്നും മരുന്ന് കഴിച്ചിട്ടും രോഗം വന്നവർക്ക് രോഗം വേഗത്തിൽ ഭേദമായിട്ടുണ്ടെന്നുമാണ് ആരോഗ്യമന്ത്രി ഇന്ന് പ്രസ്താവന നടത്തിയത്.

ഹോമിയോ വകുപ്പിലെ പത്തനംതിട്ട ഡിഎംഒയും ചലച്ചിത്ര സംവിധായകനുമായ ഡോ. ബിജു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. ഹോമിയോ മരുന്ന് ഉപയോഗിച്ച് കോവിഡ് പോസ്റ്റീവ് ആയവരെ ചികിത്സിക്കാൻ ഐസിഎംആർ മാർഗനിർദേശങ്ങൾ അനുവദിക്കുന്നില്ല. പക്ഷേ രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് കേരളത്തിൽ ഉടനീളം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Exit mobile version