സമ്മാന തുകയേക്കാൾ കൂടുതൽ പണം തരാമെന്ന് വാഗ്ദാനം; ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുക്കാൻ ശ്രമിച്ച സംഘം വയനാട്ടിൽ പിടിയിൽ

കൽപ്പറ്റ: കേരള സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം ലഭിച്ചയാളെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റ് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഒരു സംഘം യുവാക്കൾ അറസ്റ്റിൽ. സമ്മാനം ലഭിച്ചയാളെ മർദ്ദിച്ച് ലോട്ടറി ടിക്കറ്റ് പിടിച്ചെടുക്കാൻ ശ്രമിച്ച എറണാകുളം, തൃശ്ശൂർ, കോഴിക്കോട് സ്വദേശികളായ ഏഴുപേരാണ് വയനാട്ടിൽ അറസ്റ്റിലായത്.

തൃശ്ശൂർ കാഞ്ഞിരക്കോട് കൊള്ളന്നൂർ വീട്ടിൽ വർഗീസ് ബോസ് (33), എറണാകുളം വാരാപ്പുഴ കടമക്കുടി പിഴല ചെറുവത്തൂർ ഗീവർ (48), എറണാകുളം കടമക്കുടി വില്ലേജിലെ കോതാട് കോലോത്ത് വീട്ടിൽ വിബിൻ ജോസ് (45), കോഴിക്കോട് ഓമശേരിവേനപ്പാറ വണ്ടാനത്ത് വീട്ടിൽ വി.ജി സുരേഷ് (49), എറണാകുളം മുക്കന്നൂർ പാലാ ജംഗ്ഷൻ ഇടന്നലശേരി രാജിൻ (33), എറണാകുളം മുക്കന്നൂർ കാളാർകുഴി തെക്കേക്കര വീട്ടിൽ ജോജോ തോമസ് (22), പെരുമ്പാവൂർ തൂവപ്പാടി ഐമുറി ആലാറ്റുചിറ കിഴക്കാപുറത്ത്കുടി കെവി വിഷ്ണു (23) എന്നിവരെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്.

വൈത്തിരി സ്വദേശിയെ കബളിപ്പിച്ചു ടിക്കറ്റ് തട്ടിയെടുക്കാനാണു പ്രതികൾ ശ്രമിച്ചത്. 70 ലക്ഷം രൂപയാണു സമ്മാനത്തുക. ബാങ്ക് തരുന്നതിനേക്കാൾ കൂടുതൽ തുക നൽകാമെന്നു പറഞ്ഞ് ടിക്കറ്റ് കൈക്കലാക്കിയശേഷം കുറഞ്ഞ തുക നൽകി കടന്നുകളയാനാണ് പ്രതികൾ ശ്രമിച്ചത്. അതേസമയം, പറഞ്ഞുറപ്പിച്ച തുക ഇല്ലെന്ന് കണ്ട് സമ്മാനാർഹൻ രംഗത്തു വന്നതോടെയാണ് ഇയാളെ മർദ്ദിച്ചശേഷം ടിക്കറ്റുമായി പ്രതികൾ കടന്നുകളയാൻ ശ്രമിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ദേശീയപാതയിൽ വൈത്തിരി കെഎസ്ഇബി ഓഫീസിനു സമീപംവെച്ചായിരുന്നു സംഘർഷം. മൂന്നു വാഹനങ്ങളിലായാണു പ്രതികൾ എത്തിയത്. തുടർന്നു പ്രതികളെ നാട്ടുകാർ സംഭവസ്ഥലത്ത് തടഞ്ഞുവയ്ക്കുകയായിരുന്നു. കൂടുതൽ തുക നൽകിയാൽ ടിക്കറ്റ് ലഭിക്കുമെന്ന സൂചനയെത്തുടർന്നാണു പ്രതികൾ വയനാട്ടിലെത്തിയത്.

സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ നൽകുന്നതിനു പകരം വ്യകിതികൾക്കു നൽകി കൂടുതൽ തുക വാങ്ങിയെടുക്കാൻ നടത്തിയ ശ്രമങ്ങളാണ് സംഭവങ്ങൾക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.

Exit mobile version