സംശയം തോന്നി പ്രഷര്‍ കുക്കര്‍ തുറന്നു, നോക്കുമ്പോള്‍ 36 ലക്ഷം രൂപ വില വരുന്ന 700 ഗ്രാം സ്വര്‍ണം

കോഴിക്കോട്: പ്രഷര്‍ കുക്കറിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. കരുവാരകുണ്ട് സ്വദേശി ടി. ഹംസ (35) ആണ് സ്വര്‍ണം പ്രഷര്‍ കുക്കറിനകത്ത് ഒളിപ്പിച്ചുകടത്തുന്നതിനിടെ പിടിയിലായത്.

ജിദ്ദയില്‍ നിന്നുള്ള യാത്രക്കാരനാണ് ഹംസ. പുലര്‍ച്ചെ 2മണിക്ക് സ്‌പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ യുവാവിനെ ഡപ്യൂട്ടി കമ്മിഷണര്‍ ഡോ എന്‍എസ് രാജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

പ്രഷര്‍ കുക്കറിനകത്ത് സംശയം തോന്നാത്ത രീതിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 36 ലക്ഷം രൂപ വില വരുന്ന 700 ഗ്രാം സ്വര്‍ണവുമായാണ് ഇയാളില്‍ നിന്നും പിടികൂടിയത്.

Exit mobile version