കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടും മരണ നിരക്ക് കുറച്ചത് കൂട്ടായ പരിശ്രമവും ആസൂത്രിതമായ പ്രവർത്തിയും: ആരോഗ്യമന്ത്രി

Shailaja | Kerala News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടും മരണ നിരക്ക് നമുക്ക് പിടിച്ച് നിർത്താനായത് ആസൂത്രിതമായ പ്രവർത്തനം കൊണ്ടാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. രോഗികളുടെ നിരക്കിൽ വൻ രീതിയിലുള്ള വർധനവ് ഉണ്ടാവുമെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ച അത്ര വന്നിട്ടില്ല, ഇത് ആശ്വാസമാണ്. ജാഗ്രത കൈവിടരുതെന്നും കെകെ ശൈലജ മാധ്യമങ്ങളോട് പ്രതികരിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം മരണ നിരക്കും വർധിച്ചിരുന്നു. ജീവിത ശൈലീ രോഗികൾ ഏറ്റവും കൂടുതലുള്ള കേരളത്തിൽ കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് വർധിക്കാനുള്ള സാഹചര്യവുമുണ്ടായിരുന്നു. പക്ഷെ സർക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയെല്ലാം കൂട്ടായ പരിശ്രമം കൊണ്ട് മരണ നിരക്ക് കുറക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

ചിട്ടയായ പരിശ്രമത്തിന് എല്ലാവരും പിന്തുണ നൽകണം. നല്ല ആരോഗ്യമുള്ള മനുഷ്യരാണ് കേരളത്തിലുള്ളതെങ്കിലും ജീവിത ശൈലീ രോഗങ്ങളാണ് ഏറ്റവും വലിയ ഭീഷണി. ജാഗ്രത ഇനിയും തുടരേണ്ടതുണ്ടെന്നും കെകെ ശൈലജ ഓർമ്മിപ്പിച്ചു.

Exit mobile version