2021 ജനുവരിയിൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കും; അഞ്ച് ലക്ഷം കുട്ടികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യും

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്‌കൂളുകൾ തുറക്കുന്നതിനെ കുറിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത ജനുവരിയോടെ തുറക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 2021 ജനുവരിയോടെ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

ഒരു വർഷത്തോളം വിദ്യാലയാന്തരീക്ഷത്തിൽ നിന്ന് മാറിനിന്ന കുട്ടികൾ തിരിച്ചെത്തുമ്പോൾ അവർക്ക് വേണ്ട സൗകര്യങ്ങൾ സജ്ജമാക്കാൻ പദ്ധതി ആവിഷ്‌കരിച്ചതായും മുഖ്യമന്ത്രി വിശദീകരിച്ചു. നൂറു ദിവസത്തിനുള്ളിൽ 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ പണി തുടങ്ങും. 11400 സ്‌കൂളുകളിൽ ഹൈ ടെക് ലാബുകൾ സജ്ജീകരിക്കും. 10 ഐ ടി ഐ ഉദ്ഘാടനം ചെയ്യും. സർക്കാർ എയ്ഡഡ് കോളേജുകളിൽ 150 പുതിയ കോഴ്‌സുകൾ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

500ൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്‌കൂളുകളിൽ കിഫ്ബി സഹായത്തോടെ കെട്ടിടനിർമ്മാണം നടക്കുന്നുണ്ട്. അഞ്ച് കോടി രൂപവീതം മുടക്കി നിർമിക്കുന്ന 35 സ്‌കൂൾ കെട്ടിടങ്ങളും മൂന്ന് കോടി രൂപ ചിലവിൽ നിർമിക്കുന്ന 14 കെട്ടിടങ്ങളും നൂറ് ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. 27 മറ്റ് കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കും.

വിദ്യാശ്രീ പദ്ധതിയിലൂടെ സംസ്ഥാനത്തെ അഞ്ച് ലക്ഷം കുട്ടികൾക്ക് ലാപ്‌ടോപ്പുകൾ നൽകുമെന്നും നൂറ് ദിവസത്തിനുള്ളിൽ ലാപ്‌ടോപ്പ് വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കെഎസ്എഫ്ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിലാണ് അഞ്ച് ലക്ഷം കുട്ടികൾക്ക് ലാപ്‌ടോപ്പുകൾ നൽകുന്നത്.

Exit mobile version