നാടോടികളെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവന്തപുരം: സംസ്ഥാനത്തെ നാടോടികളുടെ വിശദാംശങ്ങൾ പോലീസിനോട് ആരാഞ്ഞ് മനുഷ്യാവകാശ കമ്മീഷൻ. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി പരാതികൾ നേരിടുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാന നാടോടികളെയും കച്ചവടക്കാരെയും തൊഴിലാളികളെയും കുറിച്ച് പോലീസ് ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം.

കൊല്ലത്ത് ദേവനന്ദ എന്ന കുട്ടിയെ കാണാതാവുകയും പിന്നീട് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശ പ്രവർത്തകനായ പികെ രാജുവാണ് നാടോടികളെ നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചത്.

ഇതോടെയാണ്, നാടോടികൾ ഉൾപ്പടെയുള്ള ഇത്തരക്കാരുടെ കൃത്യമായ വിവരങ്ങളും നിരീക്ഷിക്കുന്നതിന്റെ വിശദാംശങ്ങളും ഉൾക്കൊള്ളിച്ച റിപ്പോർട്ട് സെപ്റ്റംബർ 30 നകം സമർപ്പിക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം, ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നാടോടികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട കമ്മീഷന് മുന്നിൽ ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് പോലീസ് ഹാജരാക്കിയത്. ഈ സാഹചര്യത്തിലാണ് വിശദമായ റിപ്പോർട്ട് തേടിയിരിക്കുന്നത്.

Exit mobile version