എസി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ്; മന്ത്രി നിരീക്ഷണത്തില്‍ പോയി

തിരുവനന്തപുരം: മന്ത്രി എസി മൊയ്തീന്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മന്ത്രി എസി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയെ കൂടാതെ അദ്ദേഹത്തിന്റെ ഓഫീസിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. സെക്രട്ടേറിയറ്റിലെ അനക്സ് 1ലെ അഞ്ചാം നിലയും അടച്ചു. മന്ത്രിക്ക് കൊവിഡ് പരിശോധന നടത്തും.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ 2375 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 10 മരണങ്ങളാണ് ഇന്നലെ കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 244 ആയി. ഇതോടെ 21,232 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,343 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Exit mobile version