ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ ഇന്ത്യ പിന്‍വലിച്ചു

ന്യൂഡല്‍ഹി : ബ്രിട്ടീഷ് പൗരന്മാര്‍ക്കേര്‍പ്പെടുത്തിയ നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്‍വലിച്ച് ഇന്ത്യ.
ഒക്ടോബര്‍ ആദ്യം പ്രഖ്യാപിച്ച പത്ത് ദിവസത്തെ ക്വാറന്റൈനാണ് ഒഴിവാക്കിയത്.

രണ്ട് വാക്‌സീനും സ്വീകരിച്ച് ഇന്ത്യയില്‍ നിന്നെത്തിയാലും യുകെയില്‍ ഇന്ത്യക്കാര്‍ ടെസ്റ്റിങ്ങും ക്വാറന്റൈനും നേരിടണം എന്ന വിവാദ ഉത്തരവ് ബ്രിട്ടന്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ബ്രിട്ടീഷ് പൗരന്മാരുടെ ക്വാറന്റൈന്‍ ഇന്ത്യ ഒഴിവാക്കിയത്. ഒക്ടോബര്‍ 4 മുതല്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള അംഗീകൃത ആരോഗ്യ ഏജന്‍സികളില്‍ നിന്ന് രണ്ട് വാക്‌സീനും സ്വീകരിച്ചവരെ പൂര്‍ണമായും വാക്‌സീന്‍ സ്വീകരിച്ചവരായി പരിഗണിക്കുമെന്നറിയിച്ച ബ്രിട്ടന്‍ ഈ ലിസ്റ്റില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.

സംഭവം അന്താരാഷ്ട്ര തലത്തിലടക്കം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സീനെ അംഗീകൃത വാക്‌സീനുകളുടെ പട്ടികയില്‍ ബ്രിട്ടന്‍ ഉള്‍ക്കൊള്ളിച്ചെങ്കിലും ഇന്ത്യക്കാര്‍ക്കുള്ള ക്വാറന്റൈന്‍ തുടര്‍ന്നു.ഇന്ത്യയുടെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ പോരായ്മകളുണ്ട് എന്നാരോപിച്ചായിരുന്നു നടപടി.ഇതില്‍ പ്രതിഷേധിച്ച് രാജ്യത്തെത്തുന്ന യുകെ പൗരന്മാര്‍ക്ക് ഇന്ത്യയും ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ഇതോടെ വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തി.

ചര്‍ച്ചയെത്തുടര്‍ന്നാണ് ബ്രിട്ടന്‍ ഇന്ത്യക്കാരുടെ വിലക്ക് നീക്കിയത്. പിന്നാലെ ബ്രിട്ടീഷ് പൗരന്മാര്‍ക്കേര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇന്ത്യയും പിന്‍വലിക്കുകയായിരുന്നു.

Exit mobile version