ഒമിക്രോണ്‍ : 67 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കി നേപ്പാള്‍

കഠ്മണ്ഡു : ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 67 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രണ്ടാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധമാക്കി നേപ്പാള്‍. പ്രധാനമായും യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് ക്വാറന്റീന്‍. നവംബര്‍ 29 മുതല്‍ നടപടി പ്രാബല്യത്തില്‍ വരും.

ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സ്വന്തം ചിലവില്‍ ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്നും ആര്‍ടിപിസിആര്‍ നെഗറ്റീവ് ആയാല്‍ വീണ്ടും ഏഴ് ദിവസം ഹോം ക്വാറന്റീനിലിരിക്കണമെന്നും അല്ലാത്തപക്ഷം ഐസലേഷന്‍ സെന്ററിലോ ആശുപത്രിയിലോ എത്തിച്ചേരണമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ജര്‍മ്മനി, ഇറ്റലി, യുകെ, അമേരിക്ക എന്നിവരുള്‍പ്പടെ പട്ടികയിലുണ്ട്.പട്ടികയിലിലല്ലാത്ത രാജ്യങ്ങള്‍ക്ക് നേരത്തേ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ബാധകമാണ്.

Also read : 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ : വ്യാപനം അതിവേഗമെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യയിലും ആരോഗ്യമന്ത്രാലയം മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പതിനാല് ദിവസം കൊണ്ട് നൂറിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version