രോഗികള്‍ക്കായി ഇരുമ്പ് മുറികള്‍ : ചൈനയില്‍ കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ തിരിച്ചെത്തി

ബെയ്ജിങ് : കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയതോടെ ചൈനയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തിരിച്ചെത്തി. കോവിഡിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ രോഗികളെ പ്രത്യേക ഇരുമ്പ് മുറികളിലടയ്ക്കുകയാണ് സര്‍ക്കാര്‍. ഒരു കട്ടിലും ശുചിമുറിയും മാത്രമുള്ള ഇടുങ്ങിയ മുറികളിലേക്ക് രോഗികളെ ബസില്‍ കൊണ്ടുവരുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കോവിഡ് സ്ഥിരീകരിച്ച പതിനായിരക്കണക്കിന് രോഗികളെയാണ് ചൈന ഇത്തരത്തില്‍ ഇരുമ്പ് കൂടുകളില്‍ അടച്ചിരിക്കുന്നത്. വീടുകളിലോ മറ്റ് കെട്ടിട സമുച്ചയങ്ങളിലോ താമസിക്കുന്നവരില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ ബാക്കിയുള്ളവരെ മുഴുവന്‍ രാജ്യത്ത് തടവിലാക്കുകയാണ്.

പല സ്ഥലങ്ങളിലും ആളുകളെ അര്‍ധരാത്രിയില്‍ പോലും ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് വീടുകളില്‍ നിന്നൊഴിപ്പിക്കുകയാണെന്നാണ് വിവരം. ഗര്‍ഭിണികളായ സ്ത്രീകളെയും കുട്ടികളെയും പോലും അധികൃതര്‍ വെറുതേ വിടുന്നില്ല. ഇവര്‍ക്കും ഇടുങ്ങിയ ഒറ്റ മുറി കൂടുകളില്‍ തന്നെയാണ് ക്വാറന്റീന്‍.

മുമ്പത്തെ കോവിഡ് തരംഗങ്ങളിലും കര്‍ശനമായി പാലിച്ചിരുന്ന സീറോ കോവിഡ് പോളിസിയാണ് ഇത്തവണയും ചൈന നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. കനത്ത നിയന്ത്രണങ്ങളും ലോക്ഡൗണും മൂലം രാജ്യത്ത് പട്ടിണി പടര്‍ന്നുപിടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിലവില്‍ മിക്കയിടത്തും സ്ഥിതി ഇതു തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോക്ക്ഡൗണ്‍ മൂലം ചികിത്സ ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് ഗര്‍ഭം അലസിപ്പോയ സംഭവങ്ങളും ചൈനയില്‍ ഉണ്ടായിട്ടുണ്ട്. ഒരു പ്രദേശത്ത് ഒരു കോവിഡ് കേസോ സമ്പര്‍ക്കമോ റിപ്പോര്‍ട്ട് ചെയ്താല്‍ പോലും വീട് വിട്ടിറങ്ങാന്‍ അനുവാദമില്ലെന്നതും ഇത്തരം സാഹചര്യങ്ങളില്‍ അവശ്യസാധനങ്ങള്‍ വീട്ടിലെത്താന്‍ അധികൃതര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നില്ല
എന്നതുമൊക്കെ ജനങ്ങള്‍ കോവിഡിനേക്കാള്‍ കോവിഡ് നിയന്ത്രണങ്ങളെ ഭയക്കുന്നതിനിടയാക്കുകയാണ് ചൈനയില്‍.

Exit mobile version