ജ്യേഷ്ഠൻ എഎസ്‌ഐ, അതേ സ്റ്റേഷനിൽ അനിയൻ സിഐ; ചെങ്ങമനാട് പോലീസ് സ്‌റ്റേഷനിൽ അപൂർവ കൂടിച്ചേരൽ

ആലുവ: അനിയൻ സിഐ, ജ്യേഷ്ഠൻ എഎസ്‌ഐ, ചെങ്ങമനാട്ടെ പോലീസ് സ്റ്റേഷനിൽ ഇത് അപൂർവ്വ കൂടിച്ചേരൽ. നാടിന്റെ ക്രമസമാധാന ചുമതലയുള്ള രണ്ടുദ്യോഗസ്ഥരും സഹോദരങ്ങളായതിന്റെ പ്രത്യേകതയിൽ നാട്ടുകാർക്കും കൗതുകം. അനുജൻ സർക്കിൾ ഇൻസ്‌പെക്ടറും ജ്യേഷ്ഠൻ എഎസ്‌ഐയുമാണ്.

ടികെ ജോസിയും ടികെ വർഗീസും ആണ് ഈ അപൂർവ പോലീസ് സഹോദരങ്ങൾ. ജ്യേഷ്ഠാനിയ സ്‌നേഹമൊക്കെ സ്‌റ്റേഷനു പുറത്ത്, ഇവിടെ ഡ്യൂട്ടിയിൽ ഇരുവരും കണിശക്കാരാണ്. നോർത്ത് പറവൂർ കുഞ്ഞിതൈ തേലക്കാട്ട് വീട്ടിൽ തോമസ്-കുഞ്ഞമ്മ ദമ്പതികളുടെ മക്കളാണ് ഇരുവരും.

പതിനാറ് വർഷം മുമ്പ് സർവീസിൽ പ്രവേശിച്ച ജോസി ക്രൈം ബ്രാഞ്ചിൽ എസ്‌ഐ ആയിരുന്നു. അഞ്ച് മാസം മുൻപാണ് ചെങ്ങമനാട് സ്റ്റേഷനിൽ സിഐയായി ചാർജെടുത്തത്. 22 വർഷം മുമ്പാണ് വർഗീസ് സർവീസിൽ പ്രവേശിച്ചത്. വടക്കേക്കര സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്നു. സ്ഥലം മാറ്റത്തെ തുടർന്ന് വർഗീസ് ചെങ്ങമനാട് സ്റ്റേഷനിലെത്തി. ആദ്യദിവസം തന്നെ സിഐ സഹോദരനു വർഗീസിന്റെ സല്യൂട്ട്. സല്യൂട്ട് സ്വീകരിച്ച് ജോസി ഉത്തരവിൽ ഒപ്പ് വച്ചതോടെ ചെങ്ങമനാട് സ്റ്റേഷന്റെ ചരിത്രത്തിൽ ഇരു സഹോദരങ്ങളും ഭാഗമായി.

Exit mobile version