മകളുടെ അവസാന ആഗ്രഹം സഫലമാക്കാൻ ഈ പിതാവ് സഹായം തേടുന്നു

ആനക്കര: ടീച്ചറാകണമെന്നും കുട്ടികൾക്കിടയിൽ എന്നും പുഞ്ചിരിയോടെ കഴിയണമെന്നും ആഗ്രഹിച്ച മകളെ വിധി തട്ടിയെടുത്ത വേദനയിലാണ് ഈ പിതാവ്. ഇന്ന് മകൾ തങ്ങളുടെ കൂടെ ഇല്ലെങ്കിലും അവളുടെ അവസാനത്തെ ആഗ്രഹം സഫലമാക്കാൻ പ്രയത്‌നിക്കുകയാണ് ആനക്കര നയ്യൂർ സ്വദേശിയും ഓട്ടോഡ്രൈവറുമായ ഷാഫി. മകളുടെ അന്ത്യാഭിലാഷത്തെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ് ഫേസ്ബുക്കിൽ ഷാഫി പങ്കുവെച്ചതോടെയാണ് ഇക്കാര്യം എല്ലാവരും അറിഞ്ഞത്.

കഴിഞ്ഞ ഒന്നരവർഷം രോഗത്തോട് മല്ലടിക്കുന്നതിനിടെ മകൾ എഴുതിയ കുഞ്ഞുകുഞ്ഞു കുറിപ്പുകളെ കുറിച്ചാണ് ഈ പിതാവിന്റെ വേവലാതി. എന്തുകൊണ്ടും ഇവ അർത്ഥവത്തായവയാണ് എന്ന് സഹപാഠികളും അധ്യാപകരും പറഞ്ഞതോടെ ഇവ പുസ്തകമാക്കണമെന്ന മോഹം ഉദിച്ചത്.

എന്നാൽ, അത് യാഥാർഥ്യമാകും മുമ്പേ അവൾ യാത്രയായി. അവളുടെ വേർപാടിനെക്കുറിച്ചുള്ള ഷാഫിയുടെ പോസ്റ്റ് ഇങ്ങനെ:

‘ഒരുപാട് ആഗ്രഹങ്ങൾ ബാക്കിയാക്കി ഞങ്ങളുടെ പൊന്നുമോൾ യാത്രയായി. കഴിഞ്ഞ 18 മാസങ്ങൾ കീമോയോട് എല്ലാവിധ ആത്മവിശ്വാസത്തോടും കൂടി പൊരുതി. തോറ്റുകൊടുക്കാൻ അവൾ തയാറല്ലായിരുന്നു.

അവൾക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. ടീച്ചറാവണം എന്ന് എപ്പോഴും പറയും.കാരണം കുട്ടികളെ വളരെ ഏറെ ഇഷ്ടമാണ്. പഠിക്കാൻ വളരെ മിടുക്കിയായിരുന്നു. ചികിത്സയുടെ ഇടവേളകളിൽ കൊച്ചുകൊച്ചു കഥകളും കവിതകളും എഴുതിക്കൂട്ടി. കൂട്ടുകാർക്കും ടീച്ചർമാർക്കും അയച്ച് കൊടുത്തു. പ്രശംസകൾ ലഭിച്ചപ്പോൾ അവൾ വീണ്ടും വീണ്ടും എഴുതി.

അവസാന നാളുകളിൽ എല്ലാ വരികൾക്കും വേദനയുടെ രുചിയുണ്ടായിരുന്നു. അവസാനമായി ഒരു വരി അവൾ കുറിച്ചിരുന്നു, ഇതെല്ലാം കൂടി ഒരു പുസ്തമാക്കണമെന്ന്’…

Exit mobile version