മോഷണം ആര് നടത്തിയാലും തെറ്റാണ്..! ദീപ നിശാന്തിനെ തള്ളി എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം

മോഷണം സാഹിത്യേഖലയിലായാലും ഏത് മേഖലയിലായാലും മോഷണം തന്നെയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

തൃശ്ശൂര്‍: മോഷണം ആര് നടത്തിയാലും തെറ്റാണ് കവിതാ മോഷണ വിവാദത്തില്‍ ദീപ നിശാന്തിനെ തള്ളി എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം. മോഷണം സാഹിത്യേഖലയിലായാലും ഏത് മേഖലയിലായാലും മോഷണം തന്നെയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് യൂണിയന്റെ ഫൈന്‍ ആര്‍ട്‌സ് ഉപദേശക കൂടിയാണ് ദീപ.

കവി എസ് കലേഷാണ്, തന്റെ കവിത മോഷ്ടിച്ചെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. തന്റെ കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപ നിശാന്തിന്റെ പേരില്‍ സര്‍വീസ് സംഘടനാ മാസികയില്‍ പ്രസിദ്ധീകരിച്ചെന്നായിരുന്നു എസ് കലേഷിന്റെ പരാതി. ആദ്യം ആരോപണം നിഷേധിച്ച ദീപ നിശാന്ത് പിന്നീട് തെറ്റ് പറ്റിയതായും സുഹൃത്തിന്റെ തെറ്റിദ്ധരിപ്പിക്കലില്‍ നിന്നുണ്ടായ അബദ്ധമാണെന്നും തുറന്ന് സമ്മതിച്ച് കലേഷിനോട് ക്ഷമ ചോദിച്ചിരുന്നു.

ദീപ ക്ഷമ ചോദിച്ചിട്ടും പരാതിയില്ലെന്ന് കലേഷ് പറഞ്ഞിട്ടും വിവാദം കെട്ടടങ്ങാതെ നില്‍ക്കുകയാണ്. സാഹിത്യ സാംസ്‌കാരിക മേഖലയില്‍ ഉള്ളവര്‍ രണ്ടു തട്ടായി ഇപ്പോഴും വാദ പ്രതിവാദങ്ങള്‍ തുടരുകയാണ്. തെറ്റ് സമ്മതിച്ച ദീപയെ ഇനിയും ക്രൂശിച്ചു കുരിശിലേറ്റി ആത്മഹത്യയിലേക്ക് തള്ളി വിടരുത് എന്നും, അതേസമയം ദീപ എഴുത്തില്‍ നിന്നും ജോലിയില്‍ നിന്നും രാജി വെച്ചൊഴിയണമെന്നും അഭിപ്രായപ്പെടുന്നവര്‍ ഉണ്ട്.

Exit mobile version