സച്ചിൻ ഇനിയും ജീവിക്കും ആറുപേരിലൂടെ

കോട്ടയം: ഏകമകൻ സച്ചിന്റെ വിയോഗം തോരാകണ്ണീരാകുമ്പോഴും മറ്റുള്ളവർക്ക് പുതുജീവിതം സമ്മാനിക്കാൻ കാണിച്ച മാതാപിതാക്കളുടെ നന്മയെ പ്രശംസിക്കാതിരിക്കാനാകില്ല. ബൈക്കപകടത്തിൽ മരിച്ച കോട്ടയം വളാക്കാട്ടൂർ സ്വദേശി സച്ചിന്റെ അവയവങ്ങൾ മാതാപിതാക്കളുടെ പൂർണ്ണസമ്മതത്തോടെ ദാനം ചെയ്യുകയായിരുന്നു. എംആർ സജി-സതി ദമ്പതിമാരുടെ ഏകമകനായിരുന്നു ഇരുപത്തിരണ്ടുകാരനായ സച്ചിൻ. നാട്ടിലെ സന്നദ്ധ പ്രവർത്തനങ്ങളിലും സച്ചിൻ മുന്നിലായിരുന്നു.

അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണമടഞ്ഞ സച്ചിന്റെ ഹൃദയം, കരൾ, 2 വൃക്കകൾ, 2 കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന മാതാപിതാക്കളും ബന്ധുക്കളും ലോക അവയവ ദിനമായ ആഗസ്റ്റ് 13നായിരുന്നു അവയവദാനത്തിന് സന്നദ്ധരായി സ്വയം മുന്നോട്ട് വന്നത്.

കഴിഞ്ഞ അഞ്ചാം തീയതി തിരുവഞ്ചൂരിൽ വച്ചാണ് സച്ചിന്റെ ബൈക്ക് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സച്ചിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും 12ാം തീയതി മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ അവയവദാനത്തിന് സന്നദ്ധമായി ബന്ധുക്കൾ മുന്നോട്ട് വന്നതോടെ ഹൃദയവും ഒരു വൃക്കയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും, കരൾ കൊച്ചി ആംസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലുള്ള രോഗിക്കും, ഒരു വൃക്ക എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിനും, 2 കണ്ണുകൾ മെഡിക്കൽ കോളേയിലെ ഐ ബാങ്കിനും നൽകാൻ തീരുമാനമായി. കോട്ടയം മെഡിക്കൽ കോളേജിലാണ് ഈ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രകിയ നടന്നത്.
സംസ്ഥാനത്ത് സർക്കാർ മേഖലകേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (KNOS) വഴിയാണ് അവയവദാന പ്രകൃയ നടത്തിയത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടികെ ജയകുമാർ, മൃതസഞ്ജീവനി സെൻട്രൽ സോൺ നോഡൽ ഓഫീസർ കെപി ജയകുമാർ, യൂറോളജി വിഭാഗം മേധാവി ഡോ. സുഭാഷ് ഭട്ട്, അനസ്തീഷ്യാ വിഭാഗം മേധാവി ഡോ. ശാന്തി എന്നിവരാണ് അവയവദാന പ്രകൃയയ്ക്കും ശസ്ത്രക്രിയയ്ക്കും നേതൃത്വം നൽകിയത്. സങ്കടകരമായ അവസ്ഥയിലും അയവദാനത്തിന് മുന്നോട്ട് വന്ന കുടുംബാഗങ്ങൾക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നന്ദി പറഞ്ഞു. സച്ചിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.

Exit mobile version