മലപ്പുറം എസ്പിയുമായി സമ്പര്‍ക്കം; പാലക്കാട് എസ്പി നിരീക്ഷണത്തില്‍

പാലക്കാട്: പാലക്കാട് എസ്പി ജി ശിവ വിക്രം നിരീക്ഷണത്തില്‍. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എസ്പിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് പാലക്കാട് എസ്പി നിരീക്ഷണത്തില്‍ പോയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇദ്ദേഹവും പോയിരുന്നു. എസ്പിയുടെ ഗണ്‍ മാനും നിരീക്ഷണത്തിലാണ്.

മലപ്പുറം എസ്പി യു. അബ്ദുള്‍ കരീമിനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചികിത്സക്ക് മഞ്ചേരി മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മലപ്പുറം എസ്പിക്കും രോഗബാധ കണ്ടെത്തിയത്. ഓഫീസിലെ ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.

അതേ സമയം കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും കരിപ്പൂര്‍ വിമാനാപകട രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരാണ്. മലപ്പുറം ജില്ലയില്‍ ഇന്ന് 202 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിയാതെയും 158 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ത്തിലൂടെയുമാണ് രോഗബാധ. ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 61 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1380 ഉം സമ്പര്‍ക്ക രോഗികളാണ്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്രവ്യാപനമെന്നാണ് മുന്നറിയിപ്പ്.

Exit mobile version