അഫ്ഗാനിലെ ഗുരുദ്വാര ആക്രമണത്തിൽ ചാവേറായത് കാസർകോട് സ്വദേശിയല്ല; അഫ്ഗാൻ പൗരനാണെന്ന് ഡിഎൻഎ പരിശോധനാഫലത്തിൽ തെളിഞ്ഞെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ ഗുരുദ്വാര ആക്രമണത്തിൽ ചാവേറായ ആൾ കാസർകോട്ടുകാരനായ മലയാളിയാണെന്ന വാദം തള്ളി ദ പ്രിന്റിൽ വന്ന റിപ്പോർട്ട്. കാബൂളിൽ മാർച്ച് 25ന് ഒരു ഗുരുദ്വാരയിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ പങ്കെടുത്ത മൂന്ന് പേരിൽ ഇന്ത്യക്കാരനില്ലെന്നാണ് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്. കാസർകോട് നിന്നുള്ള മലയാളിയായ കല്ലുകെട്ടി ഇജാസാണ് ഒരു ചാവേർ എന്ന് ഇംഗ്ലീഷ് മാധ്യമങ്ങളാണ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത്.

ചാവേറായ വ്യക്തിയുടെ ഡിഎൻഎ അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. പരിശോധനയിൽ 21കാരനായ മുഹമ്മദ് മുഹ്‌സിൻ എന്ന അബു ഖാലിദ് അൽഹിന്ദിയെന്ന അഫ്ഗാൻ പൗരനാണ് ഇതെന്നും ഇന്ത്യക്കാരനല്ലെന്ന് തെളിയുകയുമായിരുന്നു.

ചാവേർ ഇന്ത്യൻ സ്വദേശിയല്ലെന്നും അഫ്ഗാൻ പൗരനാണെന്നുമുള്ള റിപ്പോർട്ട് എൻഐഎയ്ക്ക് കൈമാറിയതായി സുരക്ഷാ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതായി ദ പ്രിന്റ് പറയുന്നു.

മാർച്ച് 25ന് ഗുരുദ്വാരയിൽ പ്രാർത്ഥനയ്ക്കിടെ മൂന്ന് തോക്കുധാരികൾ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. 25 പേർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ ഇസ്‌ലാമിക് ഖോറസാൻ പ്രൊവിൻസ് എന്ന തീവ്രവാദ സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. സംഘടന ഐസിസിനോട് അനുഭാവം പുലർത്തുന്ന സംഘടനയാണ്.

Exit mobile version