‘എന്റെ ചിലവിൽ അങ്ങനെ ഉദ്ദേശം നടപ്പാക്കേണ്ട’; ചെന്നിത്തലയെ തേച്ചൊട്ടിച്ച് മുഖ്യമന്ത്രി

'എന്റെ ചിലവിൽ അങ്ങനെ ഉദ്ദേശം നടപ്പാക്കേണ്ട'; യുഡിഎഫ് കാലത്തെ ആരോപണങ്ങൾ എണ്ണി പറയണമെന്ന് വെല്ലുവിളിച്ച ചെന്നിത്തലയെ തേച്ചൊട്ടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ ആരോപണങ്ങൾ വീണ്ടും കുത്തിപ്പൊക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തേച്ചൊട്ടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ ആരോപണങ്ങൾ എണ്ണി എണ്ണി പറഞ്ഞാൽ അതിന് എണ്ണി എണ്ണി മറുപടി പറയുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വെല്ലുവിളിക്കാണ് ഇന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിനിടെ മറുപടി നൽകിയത്. ‘എന്റെ ചിലവിൽ അങ്ങനെ അദ്ദേഹത്തിന്റെ ഉദ്ദേശം നടപ്പാക്കേണ്ടെന്ന്’ പിണറായി തിരിച്ചടിച്ചു.

പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടായി പ്രതികരിച്ചായിരുന്നു, ഉമ്മൻ ചാണ്ടിക്കെതിരായ കാര്യങ്ങൾ തന്നെക്കൊണ്ട് പറയിക്കാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് പിണറായി പറയാതെ പറഞ്ഞത്.

കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിനിടെ ലൈഫ് മിഷൻ പദ്ധതിയിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി യുഡിഎഫ് സർക്കാരിന് നേരെയുള്ള ആരോപണങ്ങളെക്കുറിച്ച് പരാമർശിച്ചത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് വരുത്തി തീർക്കാനാണ് ചിലരുടെ ശ്രമം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങൾ താൻ എണ്ണി എണ്ണി പറയണോ എന്നും പിണറായി വിജയൻ ചോദിച്ചിരുന്നു.

Exit mobile version