വരന് വധുവിന്റെ വീട്ടിലെത്താന്‍ വള്ളമൊരുക്കി, വള്ളത്തില്‍ കയറിയ ചങ്ങായിമാര്‍ ഒടുവില്‍ വള്ളം മറിഞ്ഞ് വെള്ളത്തില്‍, തേച്ചുമിനുക്കിയ വസ്ത്രം ധരിച്ച് എത്തിയവര്‍ മടങ്ങിയത് നനഞ്ഞൊട്ടിയ വസ്ത്രങ്ങള്‍ പിഴിഞ്ഞുണക്കിക്കൊണ്ട്

കോട്ടയം: വരന് വധുവിന്റെ വീട്ടിലേക്ക് എത്താന്‍ ഒരുക്കിയ വള്ളത്തില്‍ കയറിയ സുഹൃത്തുക്കള്‍ ഒടുവില്‍ വള്ളം മറിഞ്ഞ് വെള്ളത്തില്‍. ദേവലോകം അടിവാരത്ത് തോപ്പില്‍ വീട്ടില്‍ ടിഎസ് മദനന്റെയും മായയുടെയും മകള്‍ അരുണിമയുടെയും തോട്ടയ്ക്കാട് കളപ്പുരയ്ക്കല്‍ വയലില്‍ കെ.കെ ഓമനക്കുട്ടന്റെയും രാധാമണിയുടെയും മകന്‍ അരുണ്‍ കിഷോറിന്റെയും വിവാഹനിശ്ചയത്തിനെത്തിയ അരുണിന്റെ സുഹൃത്തുക്കളാണ് വള്ളത്തില്‍ നിന്നും വെള്ളത്തില്‍ പോയത്.

അരുണിമയുടേയും അരുണിന്റേയും വിവാഹനിശ്ചയം ഓഗസ്റ്റ് 10 നു നടത്താന്‍ തീരുമാനിച്ചപ്പോള്‍ വെയിലായിരുന്നു. തീയതി ആയപ്പോഴേക്കും പെരുമഴയായി. അരുണിമയുടെ വീട്ടുമുറ്റത്തും സമീപ റോഡുകളിലുമെല്ലാം വെള്ളം കയറി. ഇതോടെ വരന്റെ വീട്ടുകാര്‍ക്ക് അരുണിമയുടെ വീട്ടിലെത്താന്‍ വെള്ളത്തിലൂടെ വരേണ്ട അവസ്ഥയായി.

അതിനിടെയാണ് അരുണിനെ കൊണ്ടുവരാന്‍ വള്ളമൊരുക്കിയത്. വള്ളപ്പടിയില്‍ ചേമ്പില ഇട്ട് ഇരുത്തിയാണ് അരുണിനെ കൊണ്ടു വന്നത്. കൂടെ വന്ന സുഹൃത്തുക്കള്‍ മറ്റൊരു വള്ളത്തില്‍ കയറി വീട്ടിലേക്ക് യാത്ര തുടങ്ങി. പകുതിയായപ്പോഴേക്കും വള്ളം മറിഞ്ഞ് വെള്ളത്തിലായി.

തേച്ചുമിനുക്കിയ വസ്ത്രം ധരിച്ച് കല്യാണനിശ്ചയത്തിന് ഇറങ്ങിയവര്‍ ചടങ്ങുനടക്കുന്നിടത്ത് എത്തിയത് പാതി നനഞ്ഞൊട്ടിയ വസ്ത്രങ്ങള്‍ പിഴിഞ്ഞുണക്കിക്കൊണ്ട്. ഇനി ഏതായാലും കോവിഡിന്റെയും മഴയുടെയും ഭീഷണി ഒഴിഞ്ഞിട്ട് വര്‍ഷാവസാനമേ വിവാഹം ഉള്ളൂ എന്നാണ് തീരുമാനം.

Exit mobile version